യുപിയിൽ അപകടത്തിൽപ്പെട്ട ട്രക്കിൽ നിന്ന് ആടുകളെ മോഷ്ടിച്ച് നാട്ടുകാർ; പോലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലക്‌നൗ: ദേശീയപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ട്രക്കിൽ നിന്ന് ആടുകളെ മോഷ്ടിച്ച് നാട്ടുകാർ. ഉത്തർപ്രദേശിലെ കൊഖ്‌രാജ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്കിലെ പരിക്കേറ്റ ഡ്രൈവറെയും സഹായികളെയും അവഗണിച്ച് നാട്ടുകാർ ആടുകളെ മോഷ്ടിക്കുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുനൂറിലധികം ആടുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇതിൽ 20ലധികം ആടുകൾ ചത്തു. ഇവയെ കൗശാംബി ജില്ലയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് വണ്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ ട്രക്കിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇവരെ രക്ഷിക്കാനോ അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകാനോ ശ്രമിക്കുന്നതിന് പകരം, അപകടസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ട്രക്കിലുണ്ടായിരുന്ന ആടുകളെ മോഷ്ടിച്ചുകൊണ്ട് പോകാനാണ് ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
റോഡിലെ തടസ്സങ്ങൾ നീക്കി പോലീസ് ബാക്കിയുണ്ടായിരുന്ന ആടുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ആടുകളെ മോഷ്ടിച്ചവരെ കണ്ടെത്താനായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ആടുകളെ മോഷ്ടിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ആർക്കും ജീവാപായം സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.