കയ്യോ കാലോ വെട്ടിയാലേ ആളുകൾ നിയമം അനുസരിക്കൂ, ഗൾഫ് രാജ്യങ്ങളിലേതു പോലെയുള്ള ശിക്ഷ വേണം; ബലാത്സംഗ കേസില്‍ ഹൈക്കോടതി
ബംഗളൂരു: കുറ്റവാളികളെ കർശനമായി നേരിടാത്തതുകൊണ്ട് രാജ്യത്ത് ആളുകൾ വളരെ ലാഘവത്തോടെയാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്ന് കർണാടക ഹൈക്കോടതി. ബലാത്സംഗക്കേസിൽ പ്രതിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ. നടരാജാണ് ഈ നിരീക്ഷണം നടത്തിയത്.
“കയ്യോ കാലോ വെട്ടിയാൽ മാത്രമേ ആളുകൾ നിയമം അനുസരിക്കാൻ പഠിക്കൂ. നമുക്ക് ഇവിടെ ജനാധിപത്യം ഉള്ളതുകൊണ്ട് എല്ലാവരും ഇതിനെ വളരെ നിസ്സാരമായാണ് കാണുന്നത്. കുറ്റവാളികളെ ശക്തമായി നേരിടാത്തതിനാൽ നിയമത്തിന്റെ മൂർച്ച നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ (ഗൾഫ്) ഉള്ളതുപോലെ അല്ലാതെ, ഇവിടെ എളുപ്പത്തിൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്,” ജസ്റ്റിസ് നടരാജ് കോടതിയിൽ പറഞ്ഞു.
മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജിൽ സഹപാഠികളായിരുന്ന സമയത്ത്, നിർബന്ധിച്ച് പെൺകുട്ടിയെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാർത്ഥിക്കെതിരെയുള്ള പരാതി. 2023 സെപ്റ്റംബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ആദ്യം ദേശീയ വനിതാ കമ്മീഷനെയും പിന്നീട് വനിതാ പോലീസ് സ്റ്റേഷനെയും സമീപിക്കുകയായിരുന്നു.
എന്നാൽ താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഏതാണ്ട് മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് കഴിഞ്ഞ രണ്ട് മാസമായി താൻ ജയിലിൽ കഴിയുന്നതെന്നും വിദ്യാർത്ഥിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ജൂൺ 8-ലേക്ക് മാറ്റി.