ജമ്മു-കശ്മീരിൽ മദ്രസയിലേക്ക് പോയ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ
ശ്രീനഗർ: ജമ്മു-കശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ മദ്രസയിലേക്ക് പോയ പന്ത്രണ്ട് വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്‌ച രാവിലെയാണ് വീടിന് സമീപത്തുള്ള പാടത്തുനിന്ന് കണ്ടെടുത്തത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഖുറാനും ഇതിന് സമീപത്തുനിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ദാരുണമായ ഈ സംഭവത്തെ തുടർന്ന് ജമ്മു-കശ്‌മീരിലുടനീളം കടുത്ത ജനരോഷവും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ആളിപ്പടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു പെൺകുട്ടി മദ്രസയിലേക്ക് പുറപ്പെട്ടത്. എന്നാൽ പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. ഞായറാഴ്‌ച രാവിലെ ഏഴേകാലോടെ വീടിന് വെറും 200 മീറ്റർ മാത്രം അകലെയുള്ള പാടത്തുനിന്നാണ് മൃതദേഹം പ്രദേശവാസികൾ കണ്ടത്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായതായും, പ്രഥമദൃഷ്ട്യാ ഇത് അതീവ ക്രൂരമായ ബലാത്സംഗവും കൊലപാതകവുമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ബുദ്ഗാം എസ്.എസ്.പി ഹരിപ്രസാദ് കെ.കെ അറിയിച്ചു.
പ്രതികളെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രദേശത്ത് ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. സംഭവം അതീവ ഗൗരവത്തോടെയാണ് പൊലിസ് കൈകാര്യം ചെയ്യുന്നത്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. നിഷ്‌പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ എത്രയും വേഗം തന്നെ പിടികൂടുമെന്നും പൊലിസ് ജനങ്ങൾക്ക് കർശന ഉറപ്പുനൽകിയിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ യാതൊരുവിധ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊലിസ് പൊതുജനങ്ങളോട് പ്രത്യേകം അഭ്യർത്ഥിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ കേസിൻ്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പൊലിസ് ഓർമ്മിപ്പിച്ചു.
പെൺകുട്ടിയുടെ ദാരുണമായ കൊലപാതകത്തിൽ ജമ്മു-കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള കടുത്ത ഞെട്ടലും രേഖപ്പെടുത്തി. “ഈ ക്രൂരമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. കുട്ടിയുടെ കുടുംബത്തിന്റെ വലിയ ദുഃഖത്തിൽ പങ്കുചേരുന്നു. നമ്മുടെ കൊച്ചുകുട്ടികൾക്ക് പോലും സുരക്ഷിതത്വമില്ലാതെ ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത് എന്ന് നാമെല്ലാവരും ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു,” എന്ന് ഒമർ അബ്‌ദുള്ള വ്യക്തമാക്കി. കുറ്റവാളികൾക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാൻ അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.