01/10/2026
[fontresizer_tawhidurrahmandear_widget]

18 ലക്ഷത്തിന്റെ കടത്തിൽ പൂട്ടാൻ കിടന്ന റെസ്റ്റോറന്റ്;  കോഹ്‌ലിക്കായി അനുഷ്ക നൽകിയ ആ ഒറ്റ ഓർഡർ മാറ്റിമറിച്ച വിധി, ഇന്ന് നേടുന്നത് കോടികൾ

 18 ലക്ഷത്തിന്റെ കടത്തിൽ പൂട്ടാൻ കിടന്ന റെസ്റ്റോറന്റ്;  കോഹ്‌ലിക്കായി അനുഷ്ക നൽകിയ ആ ഒറ്റ ഓർഡർ മാറ്റിമറിച്ച വിധി, ഇന്ന് നേടുന്നത് കോടികൾ

മുംബൈ: ഒരു പ്ലേറ്റ് ചോലെ ഭട്ടൂരെ എന്നത് തികച്ചും സാധാരണമായ ഒരു ഭക്ഷണ ഓർഡറായി തോന്നാമെങ്കിലും, മുംബൈ ചെമ്പൂരിലെ ഒരു ചെറിയ റെസ്റ്റോറന്റിനെ സംബന്ധിച്ചിടത്തോളം അത് അത്ഭുതകരമായ ഒരു തിരിച്ചുവരവിന്റെ തുടക്കമായിരുന്നു. 18 ലക്ഷം രൂപയോളം കടബാധ്യത വന്ന് പൂട്ടലിന്റെ വക്കിലെത്തിയ ‘ഡൽഹി സേ’ എന്ന റെസ്റ്റോറന്റാണ് സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പരമ്പരയിലൂടെ നാല് ഔട്ട്‌ലെറ്റുകളിലേക്ക് വളർന്നത്.

ജസ്പാൽ സിംഗ് ഖൽസ, മഹിന്ദർ സിംഗ് ഖൽസ എന്നീ സഹോദരങ്ങൾ ചേർന്ന് 2021 ഒക്ടോബറിലാണ് ചെമ്പൂരിൽ ‘ഡൽഹി സേ’ ആരംഭിക്കുന്നത്. വെറും 250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കടയിൽ മൂന്ന് മേശകളും ഒമ്പത് സീറ്റുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഡൽഹി ശൈലിയിലുള്ള വിഭവങ്ങളാണ് ഇവിടെ വിളമ്പിയിരുന്നത്. എന്നാൽ 2022-ഓടെ കച്ചവടം കുറയുകയും കടം വർദ്ധിക്കുകയും ചെയ്തു. തുടർന്ന് 2022 സെപ്റ്റംബറോടെ റെസ്റ്റോറന്റ് ഘട്ടഘട്ടമായി പൂട്ടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

എന്നാൽ 2022 സെപ്റ്റംബറിൽ പ്രശസ്ത കോമേഡിയൻ അഭിഷേക് ഉപമന്യു ഈ റെസ്റ്റോറന്റ് സന്ദർശിക്കുകയും ഇവിടുത്തെ ചോലെ ഭട്ടൂരെയെ പ്രശംസിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. തുടക്കത്തിൽ ഉപമന്യു ആരാണെന്ന് ഉടമകൾക്ക് അറിയില്ലായിരുന്നെങ്കിലും, ദിവസങ്ങൾക്കുള്ളിൽ കടയിലേക്ക് ആളുകൾ എത്തിത്തുടങ്ങി. ഈ ശുപാർശ പിന്നീട് നടിയായ അനുഷ്ക ശർമ്മയുടെ ശ്രദ്ധയിലുമെത്തി. ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിക്ക് ഡൽഹി ശൈലിയിലുള്ള ചോലെ ഭട്ടൂരെ വാങ്ങി നൽകാൻ അന്വേഷിക്കുകയായിരുന്ന അനുഷ്ക, ജൂഹുവിലുള്ള തന്റെ വീട്ടിലേക്ക് രണ്ട് പ്ലേറ്റ് ഡൽഹി സേയിൽ നിന്ന് ഓർഡർ ചെയ്തു. വെറും 120 രൂപ മാത്രം വിലയുള്ള ഭക്ഷണത്തിന് ഇത്തരമൊരു ഓർഡർ വന്നപ്പോൾ ജസ്പാൽ ആദ്യം ഇതൊരു പ്രാങ്ക് ആണെന്നാണ് കരുതിയത്. ഒടുവിൽ 2022 ഒക്ടോബർ 5-ന് ഭക്ഷണം കൃത്യമായി എത്തിച്ചു നൽകി.

ഭക്ഷണം കഴിച്ച ശേഷം അനുഷ്ക ശർമ്മ മുംബൈയിൽ കിട്ടുന്ന ‘എക് ദം ഡൽഹി ശൈലിയിലുള്ള ചോലെ ഭട്ടൂരെ’ എന്ന് വിശേഷിപ്പിച്ച് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചു. ഈ പോസ്റ്റ് വന്നതോടെ റെസ്റ്റോറന്റിലേക്ക് ആളുകളുടെ വൻ പ്രവാഹമാണ് ഉണ്ടായത്. ഭക്ഷണം കഴിക്കാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഇതൊടെ ദിനംപ്രതി 8 കിലോ കടല മാത്രം തയ്യാറാക്കിയിരുന്ന ഇവർ മൂന്ന് ദിവസത്തിനുള്ളിൽ അത് 100 കിലോയായി ഉയർത്തി. ചേരുവകൾ കുതിർത്തുവെക്കാൻ സമീപവാസികൾ പോലും ഇവരെ സഹായിച്ചു.

നിലവിൽ ചെമ്പൂർ, മുളുണ്ട്, അന്ധേരി വെസ്റ്റ്, വാഷി എന്നിവിടങ്ങളിൽ ഡൽഹി സേയ്ക്ക് ഔട്ട്‌ലെറ്റുകളുണ്ട്. പ്രതിദിനം 3,000-ത്തിലധികം പ്ലേറ്റ് ചോലെ ഭട്ടൂരെ വിൽക്കുന്നതായും മാസം രണ്ടുകോടി രൂപയോളം ടേണോവർ ലഭിക്കുന്നതായും ഉടമകൾ അവകാശപ്പെടുന്നു. എന്നാൽ സാമ്പത്തിക കണക്കുകൾ ഉടമകളുടെ അവകാശവാദം മാത്രമാണെന്നും ഇത് സ്വതന്ത്രമായി ഓഡിറ്റ് ചെയ്തിട്ടില്ലെന്നും എൻ.ഡി.ടി.വി ഫുഡ് റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയും സെലിബ്രിറ്റി പിന്തുണയും ഒരു ചെറിയ പ്രാദേശിക ബിസിനസിനെ എങ്ങനെ മാറ്റിമറിക്കാം എന്നതിന്റെ വലിയ ഉദാഹരണമാണ് ഈ തിരിച്ചുവരവ്.

Also read: