30/10/2026
[fontresizer_tawhidurrahmandear_widget]

‘കോൺഗ്രസ് ബാങ്കുകൾ സ്ഥാപിച്ചു, മോദി വിറ്റുതുലയ്ക്കുന്നു’: രാഹുൽ ഗാന്ധി

 ‘കോൺഗ്രസ് ബാങ്കുകൾ സ്ഥാപിച്ചു, മോദി വിറ്റുതുലയ്ക്കുന്നു’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർഫാക്സിന് വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന ബാങ്ക് ജീവനക്കാർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജീവനക്കാർക്കയച്ച തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

പൊതുമേഖലാ ബാങ്കുകൾ വിറ്റുതുലയ്ക്കാനുള്ളതല്ലെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് ജനങ്ങളെ സേവിക്കാനായി നിർമിച്ച സ്ഥാപനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭരണകാലത്ത് പൊതുമേഖലാ ബാങ്കുകൾ സ്ഥാപിക്കപ്പെടുകയായിരുന്നുവെങ്കിൽ, നരേന്ദ്ര മോദിയുടെ ഭരണത്തിൽ അവയെല്ലാം വിറ്റഴിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം ബാങ്ക് ജീവനക്കാർ തന്നെ നേരിട്ടുകണ്ട്, ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്തിന് വിൽക്കുന്നു എന്ന് ചോദിച്ചിരുന്നതായി കത്തിൽ പറയുന്നു. ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. ഏഴ് വർഷം മുമ്പ് നഷ്ടത്തിലായിരുന്ന ഐഡിബിഐ ബാങ്ക് കഴിഞ്ഞ വർഷം 9,000 കോടിയിലധികം രൂപയുടെ ലാഭം കൊയ്തത് ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ടാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഐഡിബിഐയുടെ കുറഞ്ഞത് 50 ശതമാനം ഓഹരികളെങ്കിലും സർക്കാർ കൈവശം വയ്ക്കുമെന്ന് 2003-ൽ പാർലമെന്റിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ സ്വകാര്യവൽക്കരണത്തോടെ സർക്കാരിന്റെയും എൽഐസിയുടെയും പങ്കാളിത്തം 34 ശതമാനമായി ചുരുങ്ങും. പാർലമെന്റിന് നൽകിയ വാഗ്ദാനം ലംഘിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ബാങ്ക് സ്വകാര്യവൽക്കരിക്കപ്പെടുന്നത് എസ്‌.സി, എസ്‌.ടി വിഭാഗങ്ങൾക്കുള്ള ഭരണഘടനാപരമായ സംവരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also read: