24/11/2026
[fontresizer_tawhidurrahmandear_widget]

അകത്ത് വഖഫ് ചെയ്യപ്പെട്ട പള്ളിയുണ്ടെന്ന് ഹരജിക്കാർ; ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന പഴയ മുസാഫിർഖാന പൊളിക്കുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി

 അകത്ത് വഖഫ് ചെയ്യപ്പെട്ട പള്ളിയുണ്ടെന്ന് ഹരജിക്കാർ; ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന പഴയ മുസാഫിർഖാന പൊളിക്കുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി

മുംബൈ: ദക്ഷിണ മുംബൈയിലെ ഭേണ്ടി ബസാറിലുള്ള ചരിത്രപ്രസിദ്ധമായ ഹജ്ജ് തീർത്ഥാടക വിശ്രമകേന്ദ്രവും പള്ളിയും പൊളിക്കുന്നത് നവംബർ 25 വരെ തടഞ്ഞ് ബോംബെ ഹൈക്കോടതി. കോടതി ഇടപെടുമ്പോഴേക്കും ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയിരുന്നു. 1993-ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ദാവൂദ് ഇബ്രാഹിം 1970-കളിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കെട്ടിടമാണിത്.

അടുത്ത വാദം കേൾക്കുന്നതുവരെ തൽസ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് എം. സേത്ത്‌ന എന്നിവരടങ്ങിയ ബെഞ്ച് എല്ലാ കക്ഷികളോടും നിർദേശിച്ചു. കേസിൽ ഗൗരവകരമായ വസ്തുതാപരമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കെട്ടിടം പൊളിക്കുന്ന സ്ഥലത്തുനിന്ന് ഉദ്യോഗസ്ഥർക്ക് പിന്മാറാൻ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം വേണ്ടിവരുമെന്ന് കോർപറേഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അപകടാവസ്ഥയിലുള്ളതും ജീർണിച്ചതുമായ കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് രാവിലെ ഏഴ് മണിയോടെ പാക്മോഡിയ സ്ട്രീറ്റിലുള്ള ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന കെട്ടിടം കോർപറേഷൻ പൊളിച്ചുതുടങ്ങിയത്. വഖഫ് ട്രസ്റ്റിന്റെ ഗുണഭോക്താക്കളാണെന്ന് അവകാശപ്പെടുന്ന ഷെയ്ഖ് അബ്ദുൾ റസാഖ്, അമീറലി വസീറലി പഞ്ച്വാനി എന്നിവർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 148.79 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സുന്നി ഹനഫി പള്ളിയുണ്ടെന്നും, 1864 ഒക്ടോബറിൽ ഹജ്ജ് തീർത്ഥാടകർക്കുള്ള വിശ്രമകേന്ദ്രമായും പള്ളിയായും സമർപ്പിച്ചതാണ് ഈ വസ്തുവെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. അറബിയിലും പേർഷ്യൻ ഭാഷയിലും ആലേഖനം ചെയ്ത മാർബിൾ ഫലകം ഇതിന് തെളിവായി ഹരജിയിൽ ഉദ്ധരിച്ചിട്ടുണ്ട്.

പള്ളിയെ ‘പ്രാർത്ഥനാ ഹാൾ’ എന്ന് കോർപറേഷൻ നോട്ടീസിൽ വിശേഷിപ്പിച്ചതിനെ ഹരജിക്കാർ എതിർത്തു. 2016 മെയ് മാസത്തിൽ പുനർവികസനത്തിനായി സൈഫി ബുർഹാനി അപ്ലിഫ്റ്റ്മെന്റ് ട്രസ്റ്റിന് 1.10 കോടി രൂപയ്ക്ക് വസ്തു വിറ്റതായി പറയപ്പെടുന്ന തർക്കത്തിലിരിക്കുന്ന കരാറിലും ഇതേ വിശേഷണമാണ് ഉണ്ടായിരുന്നതെന്ന് അവർ ആരോപിച്ചു. നവംബർ 16 തീയതി വെച്ച നോട്ടീസ് 17-നാണ് പതിച്ചതെന്നും തൊട്ടടുത്ത ദിവസത്തിനകം ഒഴിയാൻ നിർദേശിച്ചതായും ഹർജിക്കാർ പറഞ്ഞു. കുറഞ്ഞത് 15 ദിവസത്തെ നോട്ടീസ് നൽകണമെന്ന മഹാരാഷ്ട്ര സർക്കാർ വിജ്ഞാപനത്തിന്റെ ലംഘനമാണിതെന്നും അവർ വാദിച്ചു. നവംബർ 18-ന് പൊളിക്കൽ നിശ്ചയിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

എന്നാൽ ഹരജിക്കാരുടെ വാദങ്ങൾ നിഷേധിച്ച കോർപറേഷൻ, 2018-ൽ തന്നെ ആദ്യ നോട്ടീസ് നൽകിയിരുന്നതായി കോടതിയെ അറിയിച്ചു. ഈ തർക്കം സംസ്ഥാന വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും സമാനമായ മറ്റൊരു വിഷയം സുപ്രീം കോടതി തീർപ്പാക്കിയിട്ടുണ്ടെന്നും കോർപറേഷൻ വ്യക്തമാക്കി. 2019-ലെ ബോംബെ ഹൈക്കോടതി വിധിയിൽ ഉൾപ്പെടുത്തിയ 2015 മാർച്ചിലെ ധാരണാപത്രമനുസരിച്ച്, ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഏകദേശം 569 ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗം മുഴുവൻ ദാവൂദ് ഇബ്രാഹിം കൈവശം വെച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Also read: