വയറ്റിൽ കത്രികയുമായി വീട്ടമ്മയുടെ ദുരിതജീവിതം; ശസ്ത്രക്രിയ നടന്നത് അഞ്ചുവർഷം മുൻപ് വണ്ടാനം മെഡി.കോളേജിൽ
ആലപ്പുഴ: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി പുന്നപ്ര സ്വദേശിനി ഉഷാ ജോസഫും കുടുംബവും രംഗത്തെത്തി. അഞ്ചുവർഷം മുൻപ് നടന്ന ശസ്ത്രക്രിയക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കഴിഞ്ഞ ദിവസം നടത്തിയ എംആർഐ സ്‌കാനിങ്ങിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
2021 മേയ് മാസത്തിൽ, കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടർന്ന് നടുവേദന, അമിതമായ വയറുവേദന, മൂത്രത്തിലൂടെ രക്തം പോകുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ഇവരെ വേട്ടയാടിയിരുന്നു. പല ഡോക്ടർമാരെയും കണ്ട് മരുന്ന് കഴിച്ചെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിലെ തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്‌സ്‌റേയും സ്‌കാനിങ്ങും നടത്തിയപ്പോഴാണ് വയറിനുള്ളിൽ കത്രിക ഇരിക്കുന്നത് കണ്ടെത്തിയത്.
വിഷയം പുറത്തുപറയരുതെന്ന് പരിശോധനയ്ക്ക് നിർദ്ദേശിച്ച ഡോക്ടർ ഉഷയോട് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. വരും ദിവസങ്ങളിൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, വണ്ടാനം മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചക്കെതിരെ ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകാനൊരുങ്ങുകയാണ് ഉഷയുടെ കുടുംബം