‘ഓപറേറ്റർക്ക് രാഷ്ട്രീയ ഉന്നതരുമായി ബന്ധം’; അജിത് പവാര്‍ വിമാനാപകടത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി രോഹിത് പവാർ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഓപ്പറേറ്ററായ വിഎസ്ആർ വെഞ്ച്വേഴ്‌സിന് ഭരണകക്ഷിയിലെയും ബിസിനസ്സ് രംഗത്തെയും അതിശക്തരുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് ഇടപെടണമെന്ന് രോഹിത് പവാർ ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ (CVR) വലിയ ക്രമക്കേടുകൾ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിസിഎ നിയമപ്രകാരം രണ്ട് മണിക്കൂർ റെക്കോർഡിംഗ് ശേഷി വേണ്ടയിടത്ത് 30 മിനിറ്റ് മാത്രം ശേഷിയുള്ള വിമാനം എങ്ങനെ രജിസ്റ്റർ ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. അപകടത്തിന് തൊട്ടുമുമ്പുള്ള അവസാന 30 മിനിറ്റിലെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സിവിആർ തകരാറിലാണെന്ന വാദം വിശ്വസനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്തിൽ ഇന്ധന ക്യാനുകൾ സൂക്ഷിച്ചിരുന്നതാണ് സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന ഗുരുതരമായ ആരോപണവും രോഹിത് പവാർ ഉന്നയിച്ചു. വിഎസ്ആർ ഏവിയേഷന്റെ മെക്കാനിക്കൽ തകരാറുകളും അറ്റകുറ്റപ്പണിയിലെ വീഴ്ചകളും അന്വേഷിക്കണമെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയമോ വാണിജ്യപരമോ ആയ ഗൂഢാലോചനയുണ്ടോ എന്ന് പാർട്ടി പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.