02/03/2026
[fontresizer_tawhidurrahmandear_widget]

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; 74 ലക്ഷം പേർ പുറത്ത്

 തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; 74 ലക്ഷം പേർ പുറത്ത്

ചെന്നൈ: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ അന്തിമ വോട്ടർ പട്ടിക പുറത്തിറങ്ങി. പ്രത്യേക തീവ്ര പരിഷ്‌കരണത്തിന് (SIR) ശേഷം പുറത്തുവിട്ട പട്ടികയിൽ 74 ലക്ഷത്തിലധികം വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 5.67 കോടിയായി ചുരുങ്ങി. വോട്ടർമാരിൽ പുരുഷന്മാരേക്കാൾ മുന്നിൽ സ്ത്രീകളാണെന്നതാണ് പട്ടികയിലെ പ്രധാന സവിശേഷത.

ഇന്നലെ ചീഫ് ഇലക്ടറൽ ഓഫീസർ അർച്ചന പട്നായിക് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 5,67,07,380 വോട്ടർമാരാണുള്ളത്. ഇതിൽ 2,89,60,838 പേർ സ്ത്രീകളും 2,77,38,925 പേർ പുരുഷന്മാരുമാണ്. ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ട 7,617 പേരും പട്ടികയിലുണ്ട്.

18-19 പ്രായപരിധിയിലുള്ള 12.51 ലക്ഷം നവവോട്ടർമാർ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കും. കൂടാതെ 85 വയസ്സിനു മുകളിലുള്ള 3.99 ലക്ഷം മുതിർന്ന പൗരന്മാരും 4.63 ലക്ഷം ഭിന്നശേഷിക്കാരും പട്ടികയിലുണ്ട്.

ചെങ്കൽപേട്ട് ജില്ലയിലെ ഷോലിംഗനല്ലൂർ ആണ് 5.36 ലക്ഷം വോട്ടർമാരുമായി സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലം. ഏറ്റവും കുറവ് വോട്ടർമാരുള്ളത് ചെന്നൈയിലെ ഹാർബർ മണ്ഡലത്തിലാണ് (1.16 ലക്ഷം). അർഹതയില്ലാത്തവരെ ഒഴിവാക്കിയും പുതുതായി 27.53 ലക്ഷം പേരെ ചേർത്തും തയ്യാറാക്കിയ പട്ടിക വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.

Also read: