ഇറാൻ തിരിച്ചടിയിൽ അമേരിക്കയ്ക്ക് കനത്ത ആഘാതം; 6 യുഎസ് സൈനികർ കൊല്ലപ്പെട്ടു
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ മിസൈലാക്രമണങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നതായി റിപ്പോർട്ട്. നേരത്തെ നാല് സൈനികർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും, പരിക്കേറ്റവരിൽ രണ്ട് പേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. കൂടുതൽ പേര് പരിക്കേറ്റ് ചികിത്സയിലുണ്ടെന്നാണ് വിവരം.
കുവൈത്തിലും ബഹ്‌റൈനിലും മറ്റ് അമേരിക്കൻ സൈനിക താവളങ്ങളിലും നടന്ന ആക്രമണങ്ങളിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. കണക്കുകൂട്ടലുകൾ പ്രകാരം ഇത് വലിയൊരു സംഖ്യയാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അതിനിടെ, കുവൈത്തിൽ തകർന്നുവീണ യുഎസ് യുദ്ധവിമാനങ്ങൾ ഇറാന്റെ ആക്രമണത്തിലല്ല, മറിച്ച് തങ്ങളുടെ തന്നെ പ്രതിരോധ മിസൈലുകൾ അബദ്ധത്തിൽ പതിച്ചതിനാലാണെന്ന പുതിയ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. സൈനികരുടെ മരണം സ്ഥിരീകരിച്ചതോടെ ആഗോള വിപണിയിൽ എണ്ണവിലയും സ്വർണ്ണവിലയും കുതിച്ചുയരുകയാണ്. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുമെന്ന ഭീതി നിക്ഷേപകർക്കിടയിൽ ശക്തമാണ്.