‘ബോംബുകൾ കൊണ്ട് ലോകത്തിന്റെ പ്രശ്‌നം തീരില്ല; യുദ്ധത്തിൽ പങ്കുപറ്റാനില്ല’-നിലപാട് ആവർത്തിച്ച് സ്‌പെയിൻ
മാഡ്രിഡ്: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി സ്‌പെയിൻ. ഇറാനെതിരെയുള്ള യുദ്ധത്തിന് തങ്ങൾ കൂട്ടുനിൽക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. ഇറാനെ ആക്രമിക്കാൻ സ്‌പെയിനിലെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന് രാജ്യം വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതികാര നടപടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാരബന്ധം വിച്ഛേദിച്ചതോടെയാണ് സാഞ്ചസ് നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്. സമാധാനത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
2003ലെ ഇറാഖ് അധിനിവേശം വരുത്തിവെച്ച വിനകൾ ആവർത്തിക്കരുതെന്ന് ഓർമിപ്പിച്ചാണ് സാഞ്ചസ് വീണ്ടും രംഗത്തെത്തിയത്. ഉത്തരവാദിത്തമില്ലാത്ത ഏതാനും നേതാക്കൾ അന്ന് സ്‌പെയിനിനെയും യൂറോപ്പിനെയും ലോകത്തെ മുഴുവൻ നിയമവിരുദ്ധമായൊരു യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. അത് അശാന്തിയും വേദനയും മാത്രമാണ് നൽകിയതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഗസ്സയിലും യുക്രെയ്‌നിലും സ്‌പെയിൻ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ബോംബുകൾ കൊണ്ട് ലോകത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നത് വെറും മിഥ്യാധാരണയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിന് കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌പെയിനിന്റെ പരമാധികാരത്തിന് കീഴിലുള്ള റോത, മൊറോൺ സൈനിക താവളങ്ങൾ ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎൻ ചാർട്ടറിനോ ഉഭയകക്ഷി കരാറുകൾക്കോ നിരക്കാത്ത ഒരു നീക്കത്തിനും തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് ഉറപ്പിച്ചു പറഞ്ഞു.
ഇതിനോടുള്ള പ്രതികാരമായാണ് സ്‌പെയിനുമായുള്ള വ്യാപാര ഉപരോധം ട്രംപ് പ്രഖ്യാപിച്ചത്. സഹകരിക്കാത്ത മോശം സഖ്യകക്ഷി എന്ന് സ്‌പെയിനിനെ വിശേഷിപ്പിച്ച ട്രംപ്, അവരുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കാൻ യുഎസ് ട്രഷറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ, ഇത്തരം ഭീഷണികൾ ഭയന്ന് ലോകത്തിന് തെറ്റായ ഒരു കാര്യത്തിന് തങ്ങൾ കൂട്ടുനിൽക്കില്ലെന്ന് സാഞ്ചസ് തിരിച്ചടിച്ചു. ഏത് സാമ്പത്തിക പ്രതിസന്ധിയെയും നേരിടാനുള്ള വിഭവങ്ങൾ സ്‌പെയിനിന്റെ പക്കലുണ്ടെന്ന് സ്പാനിഷ് സർക്കാർ വ്യക്തമാക്കി.
ഇതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇയു കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ തുടങ്ങിയ നേതാക്കൾ സാഞ്ചസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുമായി ചേർന്ന് സമാധാന ചർച്ചകൾക്കായി ഒരു ഉച്ചകോടി ഏപ്രിൽ 17-ന് ബാഴ്‌സലോണയിൽ നടത്താൻ സാഞ്ചസ് തീരുമാനിച്ചു.
പശ്ചിമേഷ്യയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന വേളയിൽ, സ്‌പെയിനിന്റെ ഈ ഉറച്ച നിലപാട് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയാകുകയാണ്. ഉപരോധങ്ങളെ അതിജീവിച്ച് സമാധാനപാതയിൽ ഉറച്ചുനിൽക്കാൻ സ്‌പെയിനിന് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.