യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ച് ഇറാൻ; 1,000 കി.മീറ്റർ ദൂരത്തേക്ക് പിൻവാങ്ങി പടക്കപ്പൽ
തെഹ്റാന്‍: ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സിൻ്റെ വൻ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ കപ്പലിനെ ലക്ഷ്യം വെച്ചത്. ആക്രമണത്തെ തുടർന്ന് വിമാനവാഹിനിക്കപ്പൽ മേഖലയിൽനിന്ന് പിൻവാങ്ങിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിൽ ചരക്കുഗതാഗതത്തിന് സംരക്ഷണമൊരുക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി ആണ് ഇറാൻ തീരത്തേക്ക് കപ്പൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനവാഹിനിക്കപ്പലിനെ തകർക്കാൻ ലക്ഷ്യമിട്ട് നാല് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് തൊടുത്തുവിട്ടു. മിസൈലുകൾക്ക് പുറമെ ഐആർജിസിയുടെ ചാവേർ ഡ്രോണുകളും കപ്പലിൽ കൃത്യതയാർന്ന പ്രഹരങ്ങൾ ഏൽപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു.
ആക്രമണത്തെത്തുടർന്ന് യുഎസ്എസ് എബ്രഹാം ലിങ്കൺ ഒമാൻ കടലിൽനിന്ന് ദൂരേക്ക് മാറിയതായാണ് റിപ്പോർട്ട്. കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇറാൻ വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഇറാൻ മണ്ണിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണങ്ങൾക്കും നാവിക ഉപരോധങ്ങൾക്കും ഉള്ള ശക്തമായ മറുപടിയാണിതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ദെനയെ അമേരിക്ക ടോർപ്പിഡോ ഉപയോഗിച്ച് തകർത്തതിന് പിന്നാലെയാണ് സമുദ്രമേഖലയിൽ ഇറാൻ തിരിച്ചടി ശക്തമാക്കിയത്. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ തങ്ങളുടെ ആക്രമണം തുടരുമെന്ന് ഇറാൻ ആവർത്തിച്ചു.
അതേസമയം, യുഎസ്എസ് എബ്രഹാം ലിങ്കണിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് പെന്റഗൺ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമുദ്രമേഖലയിലെ നേരിട്ടുള്ള ഏറ്റുമുട്ടൽ സംഘർഷം അതീവ ഗുരുതരമായ തലത്തിലേക്ക് എത്തിനിൽക്കുകയാണ്.