07/03/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ യുദ്ധക്കപ്പൽ ‘ലാവന്’ കൊച്ചിയിൽ അഭയം; കപ്പലിലുള്ളത് 183 നാവികർ

 ഇറാൻ യുദ്ധക്കപ്പൽ ‘ലാവന്’ കൊച്ചിയിൽ അഭയം; കപ്പലിലുള്ളത് 183 നാവികർ

കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ‘ലാവന്’ കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചി നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തരമായി ഡോക്കിങ് വേണമെന്ന ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയത്.

വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ സംഭവത്തിന് മുൻപ് ഫെബ്രുവരി 28-ന് ‘ലാവൻ’ ഇന്ത്യയോട് സഹായം തേടിയിരുന്നു. തുടർന്ന് മാർച്ച് ഒന്നിന് അനുമതി നൽകുകയും നാലിന് കപ്പൽ കൊച്ചിയിൽ അടുപ്പിക്കുകയും ചെയ്തു. മിഷൻ കമാൻഡർ മുഹമ്മദ് സബേരി, സീനിയർ ക്യാപ്റ്റൻ സയ്യിദ് അലി മദനി എന്നിവരുടെ നേതൃത്വത്തിലാണ് കപ്പൽ കൊച്ചിയിലെത്തിയത്.

സുരക്ഷാ കാരണങ്ങളാൽ കപ്പൽ നാവികസേനയുടെ പ്രധാന ജെട്ടിയിലല്ല അടുപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ലാവനൊപ്പമുണ്ടായിരുന്ന ‘ബുഷർ’ എന്ന മറ്റൊരു ഇറാനിയൻ കപ്പൽ നിലവിൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്താണുള്ളത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിനിടയിൽ ഇറാൻ കപ്പലിന് ഇന്ത്യ അഭയം നൽകിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

Also read: