07/03/2026
[fontresizer_tawhidurrahmandear_widget]

ഐഡിഎഫ് ശതകോടികളുടെ ബോംബിട്ട് തകർത്തത് വെറും ‘പെയിന്റിങ് ചിത്രങ്ങൾ’? പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ യുദ്ധതന്ത്രം

 ഐഡിഎഫ് ശതകോടികളുടെ ബോംബിട്ട് തകർത്തത് വെറും ‘പെയിന്റിങ് ചിത്രങ്ങൾ’? പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ യുദ്ധതന്ത്രം

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധഭൂമിയിൽ അത്യാധുനിക ആയുധങ്ങളുമായി എത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും കബളിപ്പിക്കാൻ ഇറാൻ പ്രയോഗിക്കുന്നത് പുതിയ യുദ്ധതന്ത്രം. ഇറാനിലെ സൈനിക താവളത്തിൽ ഇസ്രയേൽ സൈന്യം തകർത്തത് ഇറാന്റെ യഥാർത്ഥ ഹെലികോപ്റ്ററല്ലെന്നും, മറിച്ച് തറയിൽ വരച്ചുചേർത്ത ഒരു ചിത്രം മാത്രമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇസ്രയേൽ സൈന്യം തകർത്തതായി അവകാശപ്പെട്ട മി-17 ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത് വെറും പെയിന്റിങ് മാത്രമാണെന്ന് വ്യക്തമായത്. ആകാശത്തുനിന്ന് നോക്കുമ്പോൾ യഥാർത്ഥ ഹെലികോപ്റ്റർ ഇരിക്കുന്നതായി തോന്നിപ്പിക്കുന്ന ‘അനാമോർഫിക് പെയിന്റിങ്’ രീതിയാണ് ഇറാൻ ഇതിനായി ഉപയോഗിച്ചത്.

ശതകോടികൾ വിലമതിക്കുന്ന അത്യാധുനിക മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേൽ തകർത്തത് വെറും പെയിന്റിങ് ചിത്രങ്ങളെയാണെന്ന വാർത്ത സൈനിക വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. യഥാർത്ഥ സൈനിക ആസ്തികൾ സംരക്ഷിക്കാനും ശത്രുക്കളുടെ ആയുധങ്ങൾ പാഴാക്കാനുമാണ് ഇത്തരം വ്യാജ ലക്ഷ്യങ്ങൾ ഇറാൻ ഒരുക്കുന്നത്.

2023-ൽ യുക്രെയ്ൻ യുദ്ധസമയത്ത് അമേരിക്കൻ ഉപഗ്രഹങ്ങളെ കബളിപ്പിക്കാൻ റഷ്യയും സമാനമായ രീതിയിൽ വിമാനങ്ങളുടെ ചിത്രങ്ങൾ തറയിൽ വരച്ചുചേർത്തിരുന്നു. ഈ സാങ്കേതികവിദ്യയാണ് ഇറാനും ഇപ്പോൾ പയറ്റുന്നത്. ഇസ്രയേലും അമേരിക്കയും പുറത്തുവിടുന്ന പല വിജയ റിപ്പോർട്ടുകളും ഇത്തരത്തിലുള്ള വ്യാജ ലക്ഷ്യങ്ങളെ തകർത്തുകൊണ്ടുള്ളതാകാമെന്ന് പ്രതിരോധ വിദഗ്ധർ ഇപ്പോൾ സംശയിക്കുന്നു. ദീർഘകാല യുദ്ധത്തിന് ഇറാൻ തയ്യാറെടുക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്.

അതിനിടെ, ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരോടും ഐആർജിസി കമാൻഡർമാരോടും ഉടൻ രാജ്യം വിടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ആയുധം താഴെവെച്ച് ഒഴിഞ്ഞുപോകാത്തവരെ വധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ ഇസ്രായേലിന്റെ ഹൃദയഭാഗമായ തെൽ അവീവ്, അഷ്ദോദിലെ ഷാരോൺ മേഖല എന്നിവിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. പലയിടങ്ങളിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായും റിപ്പോർട്ടുണ്ട്.

Also read: