‘എനിക്ക് ഒന്നല്ല, 5,000 പ്രണയമുണ്ട്; നെഹ്‌റുവിനും വാജ്‌പേയിക്കും പ്രണയമുണ്ടായിരുന്നു’-ഭാര്യയുടെ പരാതിയിൽ മന്ത്രി ഗണേഷ് കുമാർ
കെ.ബി ഗണേഷ് കുമാര്‍
പത്തനാപുരം: ഭാര്യയുടെ പരാതിയിൽ വിചിത്ര മറുപടിയുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും അതിന് ‘112’ൽ പരാതി നൽകുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സഹായികൾ തടഞ്ഞുവെന്നുമായിരുന്നു ഭാര്യ ബിന്ദു ആരോപിച്ചത്. തെരരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്നുവരുന്ന വ്യക്തിപരമായ ആരോപണങ്ങളാണിതെന്ന് ഗണേഷ് തള്ളിക്കളഞ്ഞു. തന്റെ രാഷ്ട്രീയവും പൊതുപ്രവർത്തനവും ജനങ്ങൾക്കറിയാമെന്നും ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയക്കളികൾ പത്തനാപുരത്ത് വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രണയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടിയായി, പ്രണയം ഒരു കുറ്റമല്ലെന്നും അത് മനുഷ്യസഹജമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയങ്ങളുണ്ട്. പ്രണയമില്ലാത്തവൻ പൊട്ടനാണ്. മഹാന്മാരായ ജവഹർലാൽ നെഹ്റുവിനും അടൽ ബിഹാരി വാജ്പേയിക്കും പ്രണയമുണ്ടായിരുന്നു. മാധവിക്കുട്ടി മരണം വരെ പ്രണയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. പുനത്തിലും എം.ടിയുമെല്ലാം പ്രണയത്തെ കുറിച്ച് മനോഹരമായി എഴുതിയിട്ടുണ്ട്’-ഗണേഷ് പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾ വീടിനുള്ളിൽ നിൽക്കേണ്ടതാണെന്നും അത് രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർതൃ സഹോദരി കൂടിയായ ബിന്ദു തന്നെ വിളിച്ച കാര്യം മുൻ ഡിജിപി ആർ. ശ്രീലേഖ വെളിപ്പെടുത്തിയതിനെയും അദ്ദേഹം പരിഹസിച്ചു. ‘ആരാണ് ഈ ശ്രീലേഖ? അവരെ മേയറാക്കാത്തതിന്റെ കുശുമ്പ് കൊണ്ട് വീട്ടിലിരുന്ന് ഓരോന്ന് പറയുകയാണ്. അവർ ബിജെപി പക്ഷത്താണ്. ഞാൻ ഇടതുപക്ഷക്കാരനാണ്. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാം. എന്നാൽ, സത്യസന്ധതയാണ് രാഷ്ട്രീയക്കാരന് വേണ്ടത്’-ഗണേഷ് കുമാർ പറഞ്ഞു.
ഇത്തരം ആരോപണങ്ങൾ തന്നെ തളർത്തുകയല്ല, മറിച്ച് തന്റെ ഭൂരിപക്ഷം വർധിപ്പിക്കുകയാണ് ചെയ്യുകയെന്ന് ഗണേഷ് കുമാർ അവകാശപ്പെട്ടു. ‘പഴയതുപോലെ വീണ്ടും തുടങ്ങിയോ എന്ന് ജനങ്ങൾ ചിന്തിക്കും. പ്രത്യേകിച്ച് സ്ത്രീകൾ എനിക്ക് വോട്ട് ചെയ്യും. പത്തനാപുരത്തെ ഓരോ റോഡും ഓരോ വീട്ടിലെ കുടിവെള്ളവും ഗണേഷ് കുമാർ ചെയ്ത വികസനത്തിന് തെളിവാണ്,’ അദ്ദേഹം പറഞ്ഞു.
2001-ൽ താൻ ആദ്യമായി മത്സരിക്കുമ്പോഴും സമാനമായ രീതിയിൽ വ്യക്തിഹത്യ നടത്താൻ ശ്രമം നടന്നിട്ടുണ്ട്. അന്ന് തന്റെ മുൻഭാര്യ എഴുതിയ പുസ്തകം വീടുകൾ തോറും വിതരണം ചെയ്തിട്ടും ജനങ്ങൾ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. കോൺഗ്രസും യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സൈബർ ആക്രമണങ്ങളെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.