ഹോർമുസ് കടലിടുക്കിൽ ഇറാൻ ഒരു ഡസനോളം മൈനുകൾ സ്ഥാപിച്ചു; എണ്ണക്കടത്ത് തടസ്സപ്പെടുത്താൻ നീക്കമെന്ന് സൂചന
വാഷിങ്ടൺ: അന്താരാഷ്ട്ര തലത്തിൽ എണ്ണ, പ്രകൃതിവാതക വിതരണത്തിന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഒരു ഡസനോളം മൈനുകൾ കടലിടുക്കിലെ വിവിധ ഭാഗങ്ങളിലായി ഇറാൻ സ്ഥാപിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജലപാത വഴിയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് തടസ്സപ്പെടുത്താനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ച് 12 ദിവസം പിന്നിടുമ്പോഴാണ് പുതിയ നീക്കം പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, എൽഎൻജി കയറ്റുമതി നിലച്ചതോടെ ആഗോള വിപണിയിൽ ഊർജ്ജ വില കുതിച്ചുയരുകയാണ്. എണ്ണവില ബാരലിന് 200 ഡോളറിലേക്ക് എത്താൻ ലോകം തയ്യാറെടുക്കണമെന്ന് ഇറാന്റെ സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായാണ് ഇറാൻ മൈനുകൾ വിന്യസിച്ചത്. മൈനുകൾ സ്ഥാപിച്ച മിക്ക സ്ഥലങ്ങളെക്കുറിച്ചും സൂചനയുണ്ടെന്ന് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കിയെങ്കിലും, ഇത് നേരിടാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികൾ വെളിപ്പെടുത്തിയിട്ടില്ല. മൈൻ വിന്യസിക്കുന്ന ഇറാന്റെ കപ്പലുകളെ ലക്ഷ്യമിട്ട് ചൊവ്വാഴ്ച യുഎസ് നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തിലെ മൊത്തം എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പാതയാണിത് എന്നതിനാൽ തന്നെ നിലവിലെ സാഹചര്യം ആഗോള സാമ്പത്തിക മേഖലയെ കടുത്ത ആശങ്കയിലാക്കുന്നു.