31/03/2026
[fontresizer_tawhidurrahmandear_widget]

യുഎസ് സൈനിക വിമാനം ഇറാഖിൽ തകർന്നുവീണു: ആറു സൈനികർ വിമാനത്തിൽ, വെടിവെച്ചിട്ടതെന്ന് ഇറാൻ സഖ്യകക്ഷി; നിഷേധിച്ച് അമേരിക്ക

 യുഎസ് സൈനിക വിമാനം ഇറാഖിൽ തകർന്നുവീണു: ആറു സൈനികർ വിമാനത്തിൽ, വെടിവെച്ചിട്ടതെന്ന് ഇറാൻ സഖ്യകക്ഷി; നിഷേധിച്ച് അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കൻ വ്യോമസേനയുടെ പ്രധാന ഇന്ധനവാഹിനി വിമാനമായ കെസി-135 സ്ട്രാറ്റോടാങ്കർ പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണു. അപകടത്തിൽ പെട്ട വിമാനത്തിൽ അഞ്ച് സൈനികർ ഉണ്ടായിരുന്നതാണ് വിവരം. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

​ഇറാഖിലെ സൗഹൃദ വ്യോമപാതയിൽ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി പറക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് വിമാനങ്ങളാണ് ദൗത്യത്തിൽ ഏർപ്പെട്ടിരുന്നത്. ഇതിൽ ഒന്ന് സുരക്ഷിതമായി ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽ ഇറക്കിയെങ്കിലും മറ്റൊന്ന് തകർന്നു വീഴുകയായിരുന്നു.

​വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ‘ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ അവകാശപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആറ് സൈനികരും കൊല്ലപ്പെട്ടതായും ഇവർ അവകാശപ്പെടുന്നുണ്ട്.

​എന്നാൽ, ശത്രുരാജ്യത്തിന്റെ പ്രഹരം മൂലമല്ല വിമാനം തകർന്നതെന്ന് അമേരിക്ക വ്യക്തമാക്കി. വിമാനം തകരാൻ കാരണം സാങ്കേതിക തകരാറോ മറ്റ് അപകടങ്ങളോ ആകാം എന്നാണ് പ്രാഥമിക നിഗമനം. രണ്ടാമത്തെ വിമാനത്തിന്റെ വാലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ആകാശത്തുവെച്ച് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന വിമാനങ്ങളാണ് കെസി-135. ദൂരപരിധിയുള്ള മിസൈലുകൾ വഹിക്കുന്ന യുദ്ധവിമാനങ്ങൾക്കും ബോംബർ വിമാനങ്ങൾക്കും ഇവയുടെ സഹായം അത്യന്താപേക്ഷിതമാണ്. ഇവ തകരുന്നത് യുഎസ് വ്യോമസേനയുടെ ആക്രമണ ശേഷിയെ കാര്യമായി ബാധിക്കും.

​രക്ഷാപ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ പരിക്കേറ്റവരെയോ മരിച്ചവരെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയ്ക്ക് നഷ്ടപ്പെടുന്ന നാലാമത്തെ യുദ്ധവിമാനമാണിത്. മുൻപ് കുവൈത്തിന് മുകളിൽ വച്ച് മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ തകർന്നിരുന്നു.

‘ഫ്രണ്ട്‌ലി ഫയർ’ അഥവാ അബദ്ധത്തിലുള്ള വെടിവയ്പ്പിലാണ് വിമാനങ്ങൾ തകർന്നതെന്നാണ് യുഎസ് വിശദീകരണം.

Also read: