ഇറാഖിലെ ഫ്രഞ്ച് സൈനിക താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
ബാഗ്ദാദ്/പാരീസ്: വടക്കൻ ഇറാഖിലെ എർബിൽ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് സൈനിക ഓഫീസർ കൊല്ലപ്പെട്ടു. ചീഫ് വാറന്റ് ഓഫീസർ അർനോഡ് ഫ്രിയോൺ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചു.
തീവ്രവാദ വിരുദ്ധ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ഇറ്റാലിയൻ സൈനിക താവളത്തിന് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഫ്രഞ്ച് സൈനികർക്ക് നേരെയും ഡ്രോൺ പതിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ പോരാടുന്ന അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി നൂറുകണക്കിന് ഫ്രഞ്ച് സൈനികർ നിലവിൽ എർബിലിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
“രാജ്യത്തിന് വേണ്ടിയാണ് അർനോഡ് ഫ്രിയോൺ ജീവൻ ബലിനൽകിയത്. 2015 മുതൽ ഐഎസിനെതിരെ പോരാടുന്ന നമ്മുടെ സേനയ്ക്ക് നേരെ ഇത്തരമൊരു ആക്രമണം അംഗീകരിക്കാനാവില്ല,” എന്ന് മാക്രോൺ എക്സിൽ കുറിച്ചു. ഇറാഖിലെ ഫ്രഞ്ച് സൈന്യത്തിന്റെ സാന്നിധ്യം തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് വേണ്ടിയുള്ളതാണെന്നും മറ്റ് യുദ്ധസാഹചര്യങ്ങൾ ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എർബിലിലെ മഖ്മൂർ മേഖലയിലാണ് ആക്രമണം നടന്നതെന്ന് ഗവർണർ ഒമെദ് കോഷ്നൗ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇറാഖിലെ വിദേശ താല്പര്യങ്ങൾക്കും സൈനിക താവളങ്ങൾക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഇതിന് പിന്നിൽ ഷിയാ തീവ്രവാദികളാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ മെഡിറ്ററേനിയൻ, ചെങ്കടൽ മേഖലകളിൽ ഫ്രാൻസ് നാവിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്.