ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ് ഇനി കോഴിക്കോട് വരെ; സർവീസ് നാളെ മുതൽ
കോഴിക്കോട്: മലബാറിൽ നിന്നുള്ള ബെംഗളൂരു യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം. ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ് (16511/16512) കോഴിക്കോട് വരെ നീട്ടി റെയിൽവേ ഉത്തരവിറക്കി. നാളെ മുതൽ ട്രെയിൻ കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കും. മലബാറിലെ യാത്രാദുരിതത്തിന് വലിയൊരളവിൽ പരിഹാരമാകാൻ ഈ തീരുമാനം സഹായിക്കും.
പുതിയ സമയക്രമം
- ബെംഗളൂരു – കോഴിക്കോട്: രാത്രി 9.35-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12.40-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തും.
- കോഴിക്കോട് – ബെംഗളൂരു: തിരികെ വൈകീട്ട് 3.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് വൈകീട്ട് 5.00-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് പഴയ സമയക്രമം പാലിച്ച് യാത്ര തുടരുന്ന ട്രെയിൻ പിറ്റേദിവസം പുലർച്ചെ 6.35-ന് ബെംഗളൂരുവിൽ എത്തിച്ചേരും.
തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. കോഴിക്കോട്ടുനിന്ന് മടക്കയാത്രയിൽ കൊയിലാണ്ടി (03.52), വടകര (04.12), തലശ്ശേരി (04.34), കണ്ണൂർ (05.00) എന്നിങ്ങനെയാണ് സമയക്രമം.
ബെംഗളൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികൾക്കും വിദ്യാർഥികൾക്കും വ്യാപാരികൾക്കും പുതിയ സർവീസ് ഏറെ ഗുണകരമാകും. നിലവിൽ സേലം വഴിയുള്ള കണ്ണൂർ-യശ്വന്തപുര എക്സ്പ്രസ് മാത്രമാണ് കോഴിക്കോട്ടുകാർക്ക് ഏക ട്രെയിൻ ആശ്രയം. ഭൂരിഭാഗം യാത്രക്കാരും സ്വകാര്യ ബസുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. വൈകീട്ട് 3.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 6.35-ന് ബെംഗളൂരുവിൽ എത്തുന്നതിനാൽ ജോലിക്ക് പോകുന്നവർക്ക് ഈ സമയം ഏറെ സൗകര്യപ്രദമാണ്.
2024 ഫെബ്രുവരിയിൽ തന്നെ ട്രെയിൻ നീട്ടിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു. റെയിൽവേ മന്ത്രാലയത്തിലും പാർലമെന്റിലും നടത്തിയ നിരന്തര ഇടപെടലുകളാണ് ഇപ്പോൾ ഫലം കണ്ടതെന്ന് എം.കെ രാഘവൻ എംപി അറിയിച്ചു. പുതിയ മാറ്റം കോഴിക്കോട് – മംഗലാപുരം റൂട്ടിലെ വൈകുന്നേരത്തെ തിരക്ക് കുറയ്ക്കാനും സഹായിക്കും.