ആകാശത്ത് മിസൈൽ വർഷം തുടരുമ്പോഴും ഫലസ്തീന് വേണ്ടി തെരുവിലിറങ്ങി ഇറാൻ ജനത; ഖുദ്സ് ദിനത്തിൽ യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങളെ വെല്ലുവിളിച്ച് ഇറാന്റെ ശക്തിപ്രകടനം
തെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ വ്യോമാക്രമണങ്ങൾക്കിടയിലും കുലുങ്ങാതെ ഇറാൻ. റമദാനിലെ അവസാന വെള്ളിയാഴ്ച ലോകമെമ്പാടും ആചരിക്കുന്ന അന്താരാഷ്ട്ര ഖുദ്സ് ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി ഇറാനിലെ തെരുവുകളിൽ ജനലക്ഷങ്ങൾ അണിനിരന്നു. ഇറാന്റെ ഔദ്യോഗിക ഭരണനേതൃത്വം തകർന്നു എന്ന പാശ്ചാത്യ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു തെഹ്റാനിലെ മുതിർന്ന നേതാക്കളുടെ സജീവ പങ്കാളിത്തം.
ഇറാന്റെ മുതിർന്ന ഭരണാധികാരികൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്ന അമേരിക്കൻ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവർ റാലിയിൽ നേരിട്ട് പങ്കെടുത്തു. സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിലൂടെ ഇവർ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാലി നടന്ന പാതയ്ക്ക് സമീപം ഇസ്രയേൽ മിസൈലുകൾ പതിച്ചിട്ടും കുലുങ്ങാതെ അഭിമുഖം തുടർന്ന അലി ലാരിജാനിയുടെ നടപടി ഇറാൻ മാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ട്.
തെഹ്റാനിലെ ഫെർദൗസി സ്ക്വയറിൽ റാലി നടക്കുന്നതിനിടയിൽ ഇസ്രയേൽ മിസൈലുകൾ തൊട്ടടുത്ത് പതിച്ചു. കനത്ത പുക ഉയരുന്നതിനിടയിലും ’തക്ബീർ’ മുഴക്കി ജനങ്ങൾ മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രസിഡന്റ് പെസെഷ്കിയാൻ തുടങ്ങിയ നേതാക്കൾ സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഇറങ്ങിനടന്നു. മഴ നനഞ്ഞ തെരുവുകളിൽ പ്രസിഡന്റ് ജനങ്ങൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
”അമേരിക്കയ്ക്ക് മരണം”, “ഇസ്രായേലിന് മരണം” എന്നീ മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങിക്കേട്ടു. ഫലസ്തീൻ പതാകകൾക്കൊപ്പം കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെയും അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖാംനഇയുടെയും കൊല്ലപ്പെട്ട മറ്റു നേതാക്കളുടെയും ചിത്രങ്ങളും ഏന്തിയായിരുന്നു ജനങ്ങളുടെ മാർച്ച്.കനത്ത മഴയും തലയ്ക്ക് മുകളിൽ വട്ടമിട്ടു പറക്കുന്ന ഡ്രോണുകളും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനവിഭാഗം തെഹ്റാനിലെ ഇൻക്വിലാബ് സ്ക്വയറിൽ ഉൾപ്പെടെ ഒത്തുകൂടിയത്.
തങ്ങളുടെ സൈനിക നടപടികൾ ഇറാനെ ഭയപ്പെടുത്തിയിട്ടില്ലെന്നും ജനതയും നേതൃത്വവും ഒറ്റക്കെട്ടാണെന്നും തെളിയിക്കുകയായിരുന്നു ഖുദ്സ് ദിന റാലിയിലൂടെ ഇറാൻ ചെയ്തത്. ഫലസ്തീൻ വിമോചനം വരെ പോരാട്ടം തുടരുമെന്ന് റാലിയെ അഭിസംബോധന ചെയ്ത നേതാക്കൾ ആവർത്തിച്ചു.
ഇറാനിൽ മാത്രമല്ല, ഇറാഖ്, യമൻ, സിറിയ, തുർക്കി, ജോർദാൻ എന്നിവിടങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങി. ലണ്ടൻ, പാരിസ് തുടങ്ങിയ പാശ്ചാത്യ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.