’ഹോർമുസ് സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയക്കണം’- ബ്രിട്ടൺ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ട്രംപ്
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ ആഗോള സഹകരണം തേടി അമേരിക്ക. തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരാൻ ചൈനയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.
ലോകത്തിലെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെയാണ്. ഈ ചാനൽ അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ, പാതയുടെ സുരക്ഷ ഉറപ്പാക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ മുന്നോട്ട് വരണമെന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനായി അമേരിക്കൻ സൈന്യം മറ്റ് രാജ്യങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾ നേരിടാൻ ഇറാനിയൻ തീരങ്ങളിൽ ബോംബാക്രമണം നടത്തുമെന്നും, ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും തുരത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ഇതിനകം ശക്തമായ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിന് പ്രതികാരമായി മേഖലയിലെ യുഎസ് എണ്ണക്കമ്പനികളെ തകർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കി.
നിലവിൽ, ഫ്രഞ്ച് നാവികസേന വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെയുള്ള 10 ഓളം കപ്പലുകളെ മെഡിറ്ററേനിയൻ, ചെങ്കടൽ മേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. കപ്പലുകൾക്ക് അകമ്പടി നൽകുന്നതിനായി ഫ്രാൻസ് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണ്. സൈപ്രസിലെ താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെത്തുടർന്ന് ബ്രിട്ടനും മേഖലയിൽ പ്രതിരോധം ശക്തമാക്കി. അതേസമയം, മേഖലയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും ചൈന പ്രതികരിച്ചു.