‘ഞങ്ങൾ ഞെട്ടിപ്പോയി’; ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ തിരിയുമെന്ന് കരുതിയില്ലെന്ന് ട്രംപ്
വാഷിങ്ടൺ: ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി അമേരിക്കയെ ഞെട്ടിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പ്രതികാര നടപടികൾ തങ്ങൾ അപ്രതീക്ഷിതമായാണ് നേരിട്ടതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് സമ്മതിച്ചു.
“അവർ മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ അവർ മിസൈൽ ആക്രമണം നടത്തി. ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി,” ട്രംപ് പറഞ്ഞു. ഇറാന്റെ തിരിച്ചടി ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള യുഎസ് തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. അമേരിക്കൻ ഇടപെടൽ ഇറാന്റെ സൈനിക ശേഷി പരിമിതപ്പെടുത്താനും ഗൾഫ് രാജ്യങ്ങൾ നേരിടുന്ന ഭീഷണി കുറയ്ക്കാനും സഹായിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ പ്രതികാരം മുൻകൂട്ടി കണ്ടിരുന്നെങ്കിൽ പോലും വാഷിങ്ടണിന്റെ നടപടികളിൽ മാറ്റം വരുത്തുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ഉടൻ അവസാനിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. മൂന്നാം ആഴ്ചയിലേക്ക് കടന്ന പോരാട്ടത്തിൽ, മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുകയാണ്. എന്നാൽ, ആക്രമണങ്ങൾക്ക് മുമ്പ് തന്നെ ഇറാന്റെ പ്രതികാരം സാധ്യമായ ഒരു ഫലമായി ഇന്റലിജൻസ് വിഭാഗം കണക്കാക്കിയിരുന്നതായും ട്രംപിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.