ഗൾഫ് പ്രതിസന്ധി മുറുകുന്നു; ടാങ്കറുകൾ വിട്ടുനൽകാൻ ഇന്ത്യയോട് ഇറാൻ; പകരം ഹോർമുസിൽ സുരക്ഷിത പാത
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യ പിടിച്ചെടുത്ത മൂന്ന് എണ്ണ ടാങ്കറുകൾ തിരികെ നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിന് പകരമായാണ് ഇറാൻ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇറാൻ അംബാസഡർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അനധികൃത എണ്ണ വ്യാപാരം സംശയിച്ച് മുംബൈ തീരത്തുനിന്നാണ് ‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ ജാഫ്‌സിയ’ എന്നീ കപ്പലുകൾ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയവയും ഇറാനുമായി ബന്ധമുള്ളതുമാണ് ഈ കപ്പലുകൾ. അതേസമയം, അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ അതീവ ജാഗ്രതയാണെന്നും പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ കപ്പലുകളെ കടത്തിവിടൂ എന്നുമാണ് ഇറാന്റെ നിലപാട്.
ഫെബ്രുവരി അവസാനം മുതൽ മേഖലയിൽ തുടരുന്ന സംഘർഷങ്ങളിൽ ഇതിനോടകം മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണായകമായ സമുദ്രപാതയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്രതലത്തിൽ ചർച്ചകൾ തുടരുകയാണ്. റിപ്പോർട്ടുകളോട് ഇന്ത്യയോ ഇറാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.