02/04/2026
[fontresizer_tawhidurrahmandear_widget]

തെൽ അവീവിൽ നിലയ്ക്കാതെ ഇറാന്റെ മിസൈൽ വർഷം; റെയിൽവേ സ്റ്റേഷനിൽ വൻ നാശം, ഇസ്രയേലിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

 തെൽ അവീവിൽ നിലയ്ക്കാതെ ഇറാന്റെ മിസൈൽ വർഷം; റെയിൽവേ സ്റ്റേഷനിൽ വൻ നാശം, ഇസ്രയേലിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം 19-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിന്റെ ഹൃദയഭാഗമായ തെൽ അവീവിൽ അതിശക്തമായ മിസൈൽ വർഷം. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തെൽ അവീവിലെ പ്രധാന റെയിൽവേ ഹബ്ബായ സവിദോർ സെൻട്രൽ സ്റ്റേഷന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിനു പിന്നാലെ, സുരക്ഷാ കാരണങ്ങളാൽ രാജ്യമുടനീളം ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി ഇസ്രയേൽ റെയിൽവേ അറിയിച്ചു.

തെൽ അവീവിലെ തിരക്കേറിയ സവിദോർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളിലും പാളങ്ങളിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. സ്റ്റേഷന്റെ മേൽക്കൂരയും ചില്ലുകളും തകരുകയും ട്രെയിൻ വിൻഡോകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സ്റ്റേഷന്റെ പല ഭാഗങ്ങളിലും തീപിടുത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.

ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലുടനീളം ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സവിദോർ സ്റ്റേഷനിലെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നത് വരെ പ്രധാന റൂട്ടുകളിൽ സർവീസ് ഉണ്ടാകില്ല. ഹെർസ്ലിയ, തെൽ അവീവ്, ബെൻ-ഗുരിയൻ എയർപോർട്ട് എന്നിവിടങ്ങളിലേക്ക് ഇപ്പോൾ പ്രത്യേക ഷട്ടിൽ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

തെൽ അവീവിനോട് ചേർന്നുള്ള രാമത് ഗാൻ മേഖലയിൽ മിസൈൽ പതിച്ച് വൃദ്ധദമ്പതികൾ കൊല്ലപ്പെട്ടു. ബങ്കറുകളിലേക്ക് മാറുന്നതിന് മുൻപേ മിസൈൽ ഇവരുടെ കെട്ടിടത്തിൽ പതിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഇറാൻ ഇത്തവണ ക്ലസ്റ്റർ മിസൈലുകൾ ഉപയോഗിക്കുന്നതായി ഇസ്രയേൽ സൈന്യം ആരോപിക്കുന്നു. ഒരൊറ്റ മിസൈലിൽനിന്ന് പലയിടങ്ങളിലേക്ക് സ്‌ഫോടക വസ്തുക്കൾ ചിതറിത്തെറിക്കുന്ന ഈ രീതി ജനവാസ മേഖലകളിൽ വലിയ നാശമുണ്ടാക്കി.

അതിനിടെ, ഇസ്രയേലിന് പുറമെ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം ശക്തമാക്കി. യുഎഇയിലെ അൽ മിൻഹാദ് ഓസ്ട്രേലിയൻ സൈനിക ബേസിന് സമീപം മിസൈൽ പതിച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രത്യാക്രമണം. ഇതിനിടെ, അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ബങ്കർ ബസ്റ്റർ ബോംബുകൾ ഇട്ട് തകർത്തതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Also read: