‘യോഗി പറഞ്ഞിട്ടാണ് വരുന്നത്’; തലസ്ഥാനത്ത് ബിജെപിക്ക് വോട്ട് പിടിക്കാൻ അഘോരികളും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തലസ്ഥാനത്തെ ബിജെപി ഓഫീസിന് മുന്നിൽ അപ്രതീക്ഷിത അതിഥികളായെത്തി അഘോരി സന്യാസിമാർ. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള കാറിൽ ഇന്ന് രാവിലെയാണ് ഭസ്മധാരികളായ അഘോരികളും സംഘവും എത്തിയത്. ബിജെപി ഓഫീസിന് മുന്നിൽ വാഹനം നിർത്തിയതോടെ പ്രവർത്തകരും നാട്ടുകാരും ഒരുപോലെ അമ്പരന്നു.
വാഹനത്തിന്റെ മുൻസീറ്റിൽ വസ്ത്രം ധരിക്കാതെ ശരീരം മുഴുവൻ ഭസ്മം പൂശിയ നിലയിലായിരുന്നു അഘോരി സന്യാസി. പിൻസീറ്റിൽ ഏതാനും സ്വാമിമാരും ഉണ്ടായിരുന്നു. എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് വരുന്നതെന്നും ബിജെപി എംഎൽഎയെ കാണണമെന്നുമാണ് ഇവർ മറുപടി നൽകിയത്. തിരുവനന്തപുരത്ത് ബിജെപിക്ക് നിലവിൽ എംഎൽഎമാരില്ലാത്തതിനാൽ, പാർട്ടി പ്രവർത്തകർ ജില്ലയിലെ പ്രമുഖ നേതാവിന്റെ ഫോൺ നമ്പർ ഇവർക്ക് കൈമാറി.
ഈ തവണ കേരളത്തിൽ ബിജെപി സീറ്റുകൾ പിടിക്കുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾക്കായാണ് തങ്ങൾ എത്തിയതെന്നും സന്യാസി സംഘം അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ തലസ്ഥാനത്തെ ബിജെപി പ്രചാരണ വേദികളിൽ അഘോരി സന്യാസിമാരുടെ സാന്നിധ്യം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. യുപിയിൽ നിന്നുള്ള സംഘത്തിന്റെ വരവ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്.