‘രാജ്യസഭയിലേക്ക് ഉമർ ഖാലിദിനെ പരിഗണിക്കണം’; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാനിലെ മുസ്‌ലിം സംഘടനകൾ
ജയ്‌പൂർ: രാജസ്ഥാനിൽ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. രാജസ്ഥാൻ മുസ്‌ലിം അലയൻസ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളാണ് ഈ ആവശ്യവുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉമർ ഖാലിദിനെ സ്ഥാനാർത്ഥിയാക്കുന്നത് പൗരാവകാശങ്ങളോടുള്ള പാർട്ടിയുടെ പ്രതിബദ്ധത വ്യക്തമാക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിന് നിലവിൽ പാർലമെന്റിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് രാജസ്ഥാൻ മുസ്‌ലീം അലയൻസ് പ്രസിഡന്റ് മൊഹ്സിൻ റാഷിദ് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും മുസ്‌ലീം സ്ഥാനാർത്ഥികളെ പരിഗണിച്ചിരുന്നില്ല. നിയമസഭയിൽ കോൺഗ്രസിന് ഉറപ്പുള്ള ഒരു സീറ്റിൽ ഖാലിദിനെപ്പോലെയുള്ള യുവനേതാവിനെ എത്തിക്കുന്നത് സമുദായത്തിന് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് 2020 മുതൽ ഉമർ ഖാലിദ് ജയിലിലാണ്. എന്നാൽ കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരാളെ കുറ്റവാളിയായി കാണാനാവില്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ടെന്ന് സംഘടനകൾ ഖാർഗെയ്ക്ക് നൽകിയ കത്തിൽ ഓർമിപ്പിച്ചു. മറ്റ് രാഷ്ട്രീയ നേതാക്കൾക്കെതിരെ കുറ്റാരോപണങ്ങൾ നിലനിൽക്കെ തന്നെ അവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ഖാലിദിനെ മാറ്റിനിർത്തരുതെന്നും അവർ ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ മുസ്‌ലീം ഭൂരിപക്ഷ മേഖലകളിൽ നിന്ന് വിജയിച്ചവരാണെന്നും, സമുദായം പാർട്ടിയെ എന്നും പിന്തുണച്ചിട്ടുണ്ടെന്നും നേതാക്കൾ ഓർമിപ്പിച്ചു. ജൂണിൽ സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവുവരുന്നത്. ഇതിൽ നിലവിലെ അംഗബലം അനുസരിച്ച് കോൺഗ്രസിന് ഒരു സീറ്റിൽ വിജയിക്കാനാകും. ഈ സീറ്റിലേക്ക് ഉമർ ഖാലിദിനെ പരിഗണിക്കണമെന്നാണ് മുസ്‌ലീം സംഘടനകളുടെ സംയുക്ത ആവശ്യം.