02/04/2026
[fontresizer_tawhidurrahmandear_widget]

‘വിവാഹിതനായ പുരുഷന് മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടാം’; ക്രിമിനൽ കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി

 ‘വിവാഹിതനായ പുരുഷന് മറ്റൊരു  സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടാം’; ക്രിമിനൽ കുറ്റമല്ലെന്ന് അലഹബാദ്  ഹൈക്കോടതി

ലഖ്‌നൗ: വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയുമായി പരസ്പര സമ്മതത്തോടെ ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. നിയമത്തെയും സാമൂഹിക ധാർമ്മികതയെയും വേർതിരിച്ചു കണ്ടുകൊണ്ടുള്ള സുപ്രധാന ഉത്തരവിലൂടെ, ഭീഷണി നേരിടുന്ന ദമ്പതികൾക്ക് പോലീസ് സംരക്ഷണം നൽകാനും കോടതി നിർദ്ദേശിച്ചു.

ഷാജഹാൻപൂർ സ്വദേശികളായ അനാമികയും നേത്രപാലും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. നേത്രപാൽ വിവാഹിതനാണെന്നും മകളെ പ്രലോഭിപ്പിച്ചു കൊണ്ടുപോയതാണെന്നും കാട്ടി അനാമികയുടെ അമ്മ നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് നേത്രപാലിനൊപ്പം താമസിക്കുന്നതെന്നും അനാമിക കോടതിയെ അറിയിച്ചു.

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് സാമൂഹിക അഭിപ്രായമോ ധാർമ്മികതയോ അടിസ്ഥാനമാക്കിയാകരുത് എന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് നേരെ കുടുംബാംഗങ്ങളിൽ നിന്ന് ‘അഭിമാനക്കൊല’ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, അവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക പോലീസ് മേധാവിക്ക് കോടതി കർശന നിർദ്ദേശം നൽകി. ദമ്പതികളെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതിൽ നിന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കോടതി വിലക്കിയിട്ടുണ്ട്. ഏപ്രിൽ 8-ന് കേസ് വീണ്ടും പരിഗണിക്കും.

Also read: