01/04/2026
[fontresizer_tawhidurrahmandear_widget]

90 കോടിയുടെ ഇസ്രയേൽ ഡ്രോൺ വെടിവച്ചിട്ട് ഹിസ്ബുല്ല

 90 കോടിയുടെ ഇസ്രയേൽ ഡ്രോൺ വെടിവച്ചിട്ട് ഹിസ്ബുല്ല

ബെയ്‌റൂത്ത്: ലബനാൻ അതിർത്തിയിൽ ഇസ്രയേലിന്റെ അത്യാധുനിക ഡ്രോൺ ഹിസ്ബുല്ല വെടിവെച്ചിട്ടതായി റിപ്പോർട്ട്. തെക്കൻ ലബനാന് മുകളിലൂടെ പറക്കുകയായിരുന്ന ഇസ്രയേൽ പ്രതിരോധ സേനയുടെ ഡ്രോണാണ് ഹിസ്ബുല്ല തകർത്തതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഏകദേശം 10 ദശലക്ഷം ഡോളർ(ഏകദേശം 90 കോടി രൂപ) വിലമതിക്കുന്ന ‘ഹെർമിസ് 900 കൊച്ചാവ്’ എന്ന ഡ്രോണാണ് തകർന്നതെന്നാണു വിവരം.

തെക്കൻ ലബനാനിലെ ആകാശപരിധിയിൽ വെച്ച് വിമാനവേധ മിസൈൽ ഉപയോഗിച്ചാണ് ഹിസ്ബുല്ല ഡ്രോണിനെ ലക്ഷ്യം വെച്ചത്. ഇസ്രയേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ് നിർമിച്ച ഏറ്റവും വലിയ ഡ്രോണുകളിൽ ഒന്നാണിത്. നിരീക്ഷണത്തിനും ആക്രമണങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന ഹെർമിസ് 900 തകർന്നത് ഇസ്രയേൽ സൈന്യത്തിന് സാങ്കേതികമായും സാമ്പത്തികമായും വലിയ തിരിച്ചടിയാണ്.

ഡ്രോൺ വെടിവെച്ചിട്ട കാര്യം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഡ്രോണിലെ രഹസ്യ വിവരങ്ങളോ സെൻസറുകളോ ശത്രുക്കൾക്ക് ചോർന്നു കിട്ടാൻ സാധ്യതയില്ലെന്ന് ഐഡിഎഫ് വ്യക്തമാക്കി. ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി അയച്ചതായിരുന്നു ഈ ഡ്രോൺ എന്നാണ് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ലബനാൻ അതിർത്തിയിലും സംഘർഷം അതിരൂക്ഷമാവുകയാണ്. കഴിഞ്ഞ തവണത്തെ യുദ്ധത്തിൽ ഇസ്രയേൽ പൂർണമായും നിർവീര്യമാക്കിയെന്ന് അവകാശപ്പെട്ട ഹിസ്ബുല്ലയെപ്പോലുള്ള സംഘടനകൾ അത്യാധുനിക ഡ്രോണുകൾ തകർക്കുന്നത് വലിയ ഞെട്ടലായിട്ടുണ്ട്. ഹെർമിസ് 900 പോലുള്ള അത്യാധുനിക ഡ്രോണുകൾ തകർക്കാൻ ഹിസ്ബുല്ലയ്ക്ക് സാധിക്കുന്നത് അവരുടെ പക്കലുള്ള മിസൈൽ സംവിധാനങ്ങളുടെ കൃത്യതയാണ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആക്രമണത്തിൽ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐഡിഎഫിന്റെ മെർക്കാവ ടാങ്ക് ലക്ഷ്യമിട്ട് ഹിസ്ബുല്ല സംഘം നടത്തിയ ഒളിയാക്രമണത്തിലാണ് വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാൻ ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾക്ക് മറുപടിയായി ലബനാൻ അതിർത്തിയിൽ കൂടുതൽ തിരിച്ചടികൾ ഉണ്ടാകുമെന്ന സൂചനയാണ് ഹിസ്ബുല്ല വൃത്തങ്ങൾ നൽകുന്നത്.

Also read: