ഇമാം ഹുസൈന്റെ രക്തസാക്ഷ്യത്തെ കുറിച്ച് ട്രംപ് പഠിച്ചിട്ടില്ല; മരിക്കാൻ ഭയമില്ലാത്ത ജനതയോടാണ് അദ്ദേഹം യുദ്ധത്തിന് പോയത്-മാർക്കണ്ഡേയ കട്ജു
ന്യൂഡൽഹി: ഇറാന്റെ കരുത്തോ ചരിത്രമോ അറിയാതെ യുദ്ധത്തിന് പോയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തന്ത്രപരമായ പരാജയമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. എക്‌സ് ഹാൻഡിലിലൂടെ പങ്കുവെച്ച കുറിപ്പിൽ, ചൈനീസ് യുദ്ധ തന്ത്രജ്ഞൻ സുൻ സൂവിന്റെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അമേരിക്കയെയും ഇസ്രയേലിനെയും കടന്നാക്രമിച്ചത്. ഈ യുദ്ധം ജയിക്കണമെങ്കിൽ ഒൻപത് കോടി മനുഷ്യരെയും കൊല്ലേണ്ടി വരുമെന്ന് കട്ജു ചൂണ്ടിക്കാട്ടി.
‘ശത്രുവിനെയും നിങ്ങളെയും നിങ്ങൾക്ക് അറിയാമെങ്കിൽ നൂറു യുദ്ധങ്ങളിൽ പോലും നിങ്ങൾ തോൽവി ഭയക്കേണ്ടതില്ല. എന്നാൽ നിങ്ങളെക്കുറിച്ച് മാത്രം അറിയുകയും ശത്രുവിനെ അറിയാതിരിക്കുകയും ചെയ്താൽ ഓരോ വിജയത്തിനൊപ്പവും നിങ്ങൾക്ക് ഒരു പരാജയവും ഏറ്റുവാങ്ങേണ്ടി വരും. ശത്രുവിനെയും നിങ്ങളെത്തന്നെയും അറിയില്ലെങ്കിൽ നിങ്ങൾ മുഴുവൻ യുദ്ധവും തോൽക്കും’ എന്ന സുൻ സൂവിന്റെ വരികൾ ഉദ്ധരിച്ചായിരുന്നു കട്ജുവിന്റെ വിമർശനം.
ട്രംപിന് സ്വന്തത്തെക്കുറിച്ച് അറിയുമോ എന്ന് നിശ്ചയമില്ല. എന്നാൽ, ഇറാനികളെക്കുറിച്ച് പഠിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാണെന്ന് കട്ജു പറഞ്ഞു. ‘ഇറാനികളെ തോൽപ്പിക്കാൻ അമേരിക്കയ്ക്കും അവരുടെ പാവകളായ ഇസ്രയേലിനും 9.3 കോടി ഇറാനികളെയും കൊല്ലേണ്ടി വരും. കാരണം അവസാനത്തെ ഇറാനിയും ജീവിച്ചിരിപ്പുണ്ടെങ്കിലും അവൻ യുദ്ധം തുടരും,’ കട്ജു ചൂണ്ടിക്കാട്ടി.
ഇമാം ഹുസൈന്റെ രക്തസാക്ഷിത്വവും കർബലയിലെ ചരിത്രവും ഇറാനിയൻ ജനതയിൽ ചെലുത്തിയ സ്വാധീനം ട്രംപ് മനസ്സിലാക്കിയിട്ടില്ലെന്ന് കട്ജു പറഞ്ഞു. അടിച്ചമർത്തുന്നവർക്ക് മുന്നിൽ കീഴടങ്ങുന്നതിനെക്കാൾ മരണം തിരഞ്ഞെടുക്കുന്ന ആത്മവീര്യം ആശൂറ ദിനത്തിലെ സ്മരണകളിലൂടെ ഓരോ ഇറാനിയിലും രൂഢമൂലമാണ്. മരിക്കാൻ ഭയമില്ലാത്ത ഒരു ജനതയെ എങ്ങനെയാണ് കീഴടക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഡൊണാൾഡ് ട്രംപ് തെറ്റായ ആളുകളോടാണ് ഉടക്കിനു പോയിരിക്കുന്നതെന്നും കട്ജു കൂട്ടിച്ചേർത്തു.