‘വിശദമായി പരിശോധിച്ചു, 90+ സീറ്റ് ഉറപ്പ്; സതീശൻ വനവാസത്തിന് പോകേണ്ട’; ബിജെപിക്ക് ഒരുസീറ്റും കിട്ടില്ലെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും എൽഡിഎഫ് 90-ലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിശദമായ പരിശോധനകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും 2016-ലെയും 2021-ലെയും ഫലം ആവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഡിഎഫിന്റെയും ബിജെപിയുടെയും വിജയവാദങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, ഇരു പാർട്ടികളും വൻതോതിൽ പണമൊഴുക്കിയാണ് വോട്ട് പിടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചു. ഉത്തരേന്ത്യൻ മോഡൽ വൈകൃതങ്ങൾ കേരളത്തിലും പ്രകടമായെന്നും അദ്ദേഹം പറഞ്ഞു. “സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് പൂർണ സംതൃപ്തിയുണ്ട്. ജനവിധി ഇടത് മുന്നണിക്ക് അനുകൂലമായിരിക്കും. അതിനാൽ തന്നെ വി.ഡി സതീശന് സന്യാസത്തിന് പോകേണ്ടി വരില്ല, കേരളം അദ്ദേഹത്തോട് ക്ഷമിക്കും,” ഗോവിന്ദൻ പരിഹസിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നതായി അദ്ദേഹം ഓർമിപ്പിച്ചു. അന്ന് മന്ത്രിമാരുടെ പട്ടിക വരെ തയ്യാറാക്കി കാത്തിരുന്നവർക്ക് 99 സീറ്റ് നൽകി ജനങ്ങൾ മറുപടി നൽകി. സമാനമായ സാഹചര്യം ഇത്തവണയും ആവർത്തിക്കും. സിപിഎം വിട്ടുപോയവർ ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും, മെയ് നാലിന് പുറത്തുവരുന്ന ഫലം കേരളം ആര് ഭരിക്കണമെന്ന വസ്തുനിഷ്ഠമായ യാഥാർത്ഥ്യം അടിവരയിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.