നിതിൻ രാജിന്റെ മരണം: ‘വിദ്യാർഥികളോട് മോശമായി പെരുമാറും’; ഡോ. കെ റാമിനെതിരെ കൂടുതൽ പരാതികൾ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഡോ. കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്ത്. ഓറൽ പാത്തോളജി വിഭാഗം മേധാവിയായ ഡോ. റാം വിദ്യാർഥികളോട് നിരന്തരം മോശമായി പെരുമാറാറുണ്ടെന്നും മുൻപും ഇയാൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.
ജൂനിയർ വിദ്യാർഥികളുടെ പരാതിയെത്തുടർന്ന് രണ്ട് മാസം മുൻപ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തി. ക്ലാസ് മുറികളിൽ വിദ്യാർഥികളെ മാനസികമായി അധിക്ഷേപിക്കുന്നത് ഇയാളുടെ രീതിയാണെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിതിൻ രാജിന്റെ വീട് സന്ദർശിച്ച എസ്സി-എസ്ടി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ വിഷയത്തിൽ കർശന ഇടപെടൽ ഉറപ്പുനൽകി. ആധുനിക കാലത്തും ജാതീയ അധിക്ഷേപങ്ങൾ നിലനിൽക്കുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
നിതിന്റെ മരണത്തിൽ അധ്യാപകരായ ഡോ. എംകെ റാം, ഡോ. സംഗീത എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. അധ്യാപകരിൽ നിന്ന് നിതിൻ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നതായി കുടുംബവും സുഹൃത്തുക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണം നടക്കുന്നത്.