‘ഞാൻ വട്ടപ്പൂജ്യമെന്നാണ് ചർച്ച, 10 വർഷമായി കേൾക്കുന്നു; വെയിറ്റ് ഫോർ ദ റിസൾട്ട്’- കെ.സി വേണുഗോപാൽ
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളെയും തനിക്കെതിരെയുള്ള മാധ്യമ വിമർശനങ്ങളെയും തള്ളി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. താൻ ‘വട്ടപ്പൂജ്യമാണെന്ന’ തരത്തിലുള്ള ചർച്ചകൾ കഴിഞ്ഞ 10 വർഷമായി കേൾക്കുന്നതാണെന്നും, അത്തരം വിമർശകർക്ക് മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മറുപടി ലഭിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ പൊതുജനമധ്യത്തിൽ വലിച്ചിടേണ്ട കാര്യമില്ല. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും പരസ്യവിവാദങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളാതെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യം നേരിടുന്ന മണ്ഡല പുനർനിർണയം, വനിതാ സംവരണം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ചർച്ചകൾ ഉപകരിക്കുകയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിനുള്ളിലെ കാര്യങ്ങൾ തീരുമാനിക്കാൻ വ്യക്തമായ സംവിധാനവും നേതൃത്വവുമുണ്ട്. സ്ഥാനാർഥി നിർണയ വേളയിൽ കേരളത്തിലെ കോൺഗ്രസിൽ വലിയ കലാപമുണ്ടാകുമെന്ന് പ്രവചിച്ചവർക്ക് തെറ്റിയതുപോലെ, മുഖ്യമന്ത്രിയുടെ കാര്യത്തിലും പാർട്ടി ഒത്തൊരുമയോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ചില മാധ്യമങ്ങൾ ഞാൻ വട്ടപ്പൂജ്യമാണെന്ന് ചർച്ച ചെയ്യുന്നു. 10 വർഷമായി ഞാൻ ഇത് കേൾക്കുന്നു. ഫലം വരുന്നത് വരെ കാത്തിരിക്കുക. നേതാക്കളെല്ലാം യോജിപ്പിലാണ്, പാർട്ടി സുഗമമായി മുന്നോട്ട് പോകും.” – കെ.സി വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ജനാധിപത്യപരമായ രീതിയിൽ പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.