17/04/2026
[fontresizer_tawhidurrahmandear_widget]

‘കേന്ദ്രത്തിന്റെ ശ്രമം സ്ത്രീകളെ മറയാക്കി രാഷ്ട്രീയഭൂപടം മാറ്റാന്‍’; വനിതാ സംവരണ ബില്ലിനെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

 ‘കേന്ദ്രത്തിന്റെ ശ്രമം സ്ത്രീകളെ മറയാക്കി രാഷ്ട്രീയഭൂപടം മാറ്റാന്‍’; വനിതാ സംവരണ ബില്ലിനെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് യഥാർത്ഥത്തിൽ സ്ത്രീകളെ ശാക്തീകരിക്കാനല്ലെന്നും മറിച്ച് വനിതകളെ മറയാക്കി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനും അധികാരം കവരാനുമുള്ള ബി.ജെ.പിയുടെ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. 2023-ൽ പാർലമെന്റ് ഐക്യകണ്ഠേന പാസാക്കിയ ബിൽ നിലനിൽക്കെ, മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഭേദഗതി കൊണ്ടുവരുന്നത് ജാതി സെൻസസിനെ അട്ടിമറിക്കാനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പുതിയ ഭേദഗതിയിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒ.ബി.സി, ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് മണ്ഡല പുനർനിർണ്ണയത്തിലൂടെയുള്ള ഈ നീക്കം. ജുഡീഷ്യറി ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ പിന്നാക്ക വിഭാഗങ്ങളുടെ സാന്നിധ്യമില്ലാത്ത സാഹചര്യം നിലനിൽക്കെ ഇത്തരം നീക്കങ്ങൾ രാജ്യദ്രോഹപരമാണെന്നും പ്രതിപക്ഷം ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ ഭേദഗതിയായതിനാൽ ബിൽ പാസാക്കാൻ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നതിനാൽ വോട്ടെടുപ്പ് നിർണ്ണായകമാകും. അതേസമയം, മണ്ഡല പുനർനിർണ്ണയം നടത്തുമ്പോൾ സീറ്റുകളുടെ എണ്ണം വർധിക്കുമെന്നും ഒരു സംസ്ഥാനത്തിന്റെയും പ്രാതിനിധ്യം കുറയില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ബില്ലിന്മേലുള്ള വോട്ടെടുപ്പ് നടക്കും.

Also read: