യുദ്ധത്തിനിടയിൽ അതിർത്തിയിൽ നിന്ന് 1,000 കിലോമീറ്റർ അകലെ രഹസ്യ ഓപറേഷൻ നടത്തി ഇസ്രയേൽ സൈന്യം
തെൽഅവീവ്: യുദ്ധത്തിനിടയിലും അതിർത്തിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ രഹസ്യ ഓപറേഷൻ നടത്തി ഇസ്രയേൽ നാവികസേന. ‘ഷായെറ്റെറ്റ് 13’ എന്ന കമാന്റോ സംഘമാണ് അതീവ രഹസ്യവും സങ്കീർണ്ണവുമായ ഓപറേഷൻ നടത്തിയത്. ഇതുവരെ നാവികസേന കടന്നുചെന്നിട്ടില്ലാത്ത മേഖലകളിൽ വച്ചാണ് ഈ ദൗത്യം പൂർത്തിയാക്കിയതെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി. ഹൈഫയ്ക്ക് സമീപമുള്ള അറ്റ്‌ലിറ്റ് നാവിക താവളത്തിൽ നടന്ന നാവികസേനാ മേധാവിയുടെ സ്ഥാനാരോഹണ ചടങ്ങിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. വൈസ് അഡ്മിറൽ ഐയൽ ഹരേൽ നാവികസേനയുടെ പുതിയ കമാൻഡറായി ചുമതലയേറ്റ ഈ ചടങ്ങിൽ, വിരമിക്കുന്ന നാവികസേനാ മേധാവി വൈസ് അഡ്മിറൽ ഡേവിഡ് സാർ സലാമയുടെ കാലയളവിൽ നടന്ന നേട്ടങ്ങളെക്കുറിച്ചും സൈന്യം വിശദീകരിച്ചു.
അതീവ അപകടകരമായ സാഹചര്യത്തിലായിരുന്നു ഈ ഓപറേഷൻ നടന്നതെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൗത്യത്തിനിടെ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ കമാൻഡോകളെ അവിടെനിന്ന് രക്ഷപ്പെടുത്താനോ അവർക്ക് വേണ്ടുന്ന മറ്റ് സഹായങ്ങൾ എത്തിക്കാനോ കഴിയാത്ത അത്രയും ദൂരെയുള്ള പ്രദേശമായിരുന്നു അത്. സാധാരണയായി സൈനിക നീക്കങ്ങളിൽ ബാക്കപ്പ് സംവിധാനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ഈ ദൗത്യത്തിൽ കമാൻഡോകൾ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ സ്വന്തം ധീരതയിലാണ് വിജയം കണ്ടത്. ഓപ്പറേഷൻ എവിടെയാണ് നടന്നതെന്നോ എപ്പോഴാണ് നടന്നതെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ സൈന്യം പുറത്തുവിട്ടിട്ടില്ല. എങ്കിലും ദൗത്യം നൂറു ശതമാനം വിജയകരമായിരുന്നു എന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഇതോടൊപ്പം തന്നെ ആദ്യമായാണ് ഇസ്രയേൽ നാവികസേനയുടെ അന്തർവാഹിനികൾ രാജ്യാതിർത്തിയിൽ നിന്ന് ഇത്രയും വലിയ ദൂരപരിധിയിൽ പ്രവർത്തനം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള സംഘർഷത്തിനിടയിൽ മൂന്ന് വ്യത്യസ്ത മേഖലകളിൽ ഒരേസമയം അന്തർവാഹിനികൾ വിന്യസിച്ചിരുന്നു. ഇവ തമ്മിൽ ആയിരക്കണക്കിന് കിലോമീറ്ററുകളുടെ അകലമുണ്ടായിരുന്നുവെന്നും ഇത് നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൂരത്തിലുള്ള പ്രവർത്തനമാണെന്നും ഐ.ഡി.എഫ് വ്യക്തമാക്കി.
യുദ്ധകാലയളവിൽ ആകാശത്തുനിന്നുള്ള ഭീഷണികളെ നേരിടുന്നതിലും നാവികസേന വലിയ പങ്കുവഹിച്ചു. ഇറാനിൽ നിന്നും ലബനനിൽ നിന്നുമായി എത്തിയ ഡസൻ കണക്കിന് ഡ്രോണുകളെ നാവികസേന തകർത്തു. കൂടാതെ ലബനനിൽ 53ഓളം ആക്രമണങ്ങളും ഗാസയിൽ ആറ് ആക്രമണങ്ങളും നാവികസേന നേരിട്ട് നടത്തി. ഇറാനിൽ ഇസ്രയേൽ വ്യോമസേന നടത്തിയ 95ഓളം വ്യോമാക്രമണങ്ങൾക്കുള്ള കൃത്യമായ വിവരങ്ങളും പ്ലാനിംഗും നൽകിയത് നാവിക രഹസ്യാന്വേഷണ വിഭാഗമായിരുന്നു. പുതിയ നാവികസേനാ മേധാവിയായി ചുമതലയേറ്റ വൈസ് അഡ്മിറൽ ഐയൽ ഹരേൽ, ഇസ്രയേലിന്റെ സുരക്ഷയ്ക്കും നാവിക സ്വാതന്ത്ര്യത്തിനും ഭീഷണിയുയർത്തുന്ന ശത്രുക്കളെ ലോകത്തിന്റെ ഏത് കോണിലായാലും തേടിപ്പിടിച്ച് ആക്രമിക്കുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. ഇസ്രയേൽ നാവികസേനയെ കൂടുതൽ കരുത്തുറ്റതാക്കാനും ആധുനിക ആയുധങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളും ചടങ്ങിൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി വിശദീകരിച്ചു.