ഹോർമുസ് കടലിടുക്കിൽ 2 ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാന്റെ വെടിവെപ്പ്; നയതന്ത്ര പ്രതിഷേധവുമായി ഇന്ത്യ
തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് സംഘം ആണു വെടിയുതിർത്തതെന്നാണു വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യ ഇറാൻ അംബാസഡറെ വിളിപ്പിച്ചിട്ടുണ്ട്.
ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന സന്മാർ ഹെറാൾഡ്, ജഗ് അർണവ് എന്നീ കപ്പലുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒമാൻ തീരത്തിന് 37 കിലോമീറ്റർ വടക്കുകിഴക്കായി വെച്ച് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ കപ്പലുകളെ സമീപിക്കുകയും യാതൊരു റേഡിയോ മുന്നറിയിപ്പും കൂടാതെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിൽ കപ്പലിലെ ഒരു ചില്ല് തകരുകയും ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്‌തെങ്കിലും നാവികർ സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആക്രമണത്തെത്തുടർന്ന് രണ്ട് കപ്പലുകളും യാത്ര അവസാനിപ്പിച്ച് മടങ്ങി. സംഭവത്തിനു പിന്നാലെ ദേശ് വൈഭവ്, ദേശ് വിഭോർ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾ കൂടി യാത്ര റദ്ദാക്കി ഗതിമാറ്റി സഞ്ചരിക്കാൻ നിർബന്ധിതരായി.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കടലിടുക്ക് പൂർണമായും തുറന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇറാൻ കപ്പലുകൾക്കുള്ള ഉപരോധം നീക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാൻ വീണ്ടും അടക്കുകയാണെന്നും ഇറാൻ വിപ്ലവ ഗാർഡിന്റെ പ്രഖ്യാപനം വന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടന്നത്. അമേരിക്ക തങ്ങളുടെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പൂർണമായും നീക്കാതെ പാത തുറക്കില്ലെന്ന നിലപാടിലാണ് സൈനിക വിഭാഗം.
ഇന്ത്യൻ കപ്പലുകൾക്കുനേരെ നടന്ന ആക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ കേന്ദ്ര സർക്കാർ, ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ആശങ്കയും പ്രതിഷേധവും അറിയിച്ചത്.
കടലിടുക്ക് വീണ്ടും സൈനിക നിയന്ത്രണത്തിലാണെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ കപ്പൽ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ഹോർമുസിലെ അനിശ്ചിതത്വം ആഗോള എണ്ണ വിപണിയെയും വാണിജ്യ മേഖലയെയും വീണ്ടും തളർത്തിയിരിക്കുകയാണ്. ലബനാനിലെ വെടിനിർത്തൽ നൽകിയ പ്രതീക്ഷകൾക്ക് ഈ വെടിവെപ്പ് മങ്ങലേൽപ്പിച്ചു.
ഇതിനിടെ യുഎസ്എസ് ജെറാൾഡ് ഫോർഡ് സമുദ്രത്തിൽ 296 ദിവസം പിന്നിട്ട് പുതിയ വിന്യാസ റെക്കോർഡ് സ്ഥാപിച്ചു.