സ്വർണം, ബൈക്ക്, ടെലിവിഷൻ, ഫർണിച്ചർ… ലബനാനിലെ വീടുകൾ കൊള്ളയടിച്ച് ഇസ്രയേൽ സൈന്യം
ബെയ്‌റൂത്ത്: സൈനിക നടപടികൾക്കിടെ ലബനാനിലെ ആളൊഴിഞ്ഞ വീടുകളിൽ ഇസ്രയേൽ സൈനികർ വ്യാപകമായി കൊള്ള നടത്തുന്നതായി റിപ്പോർട്ട്. ലബനീസ് പൗരന്മാരുടെ വീടുകളിൽനിന്ന് സ്വർണം, മോട്ടോർ ബൈക്കുകൾ, ടെലിവിഷൻ സെറ്റുകൾ, ഫർണിച്ചറുകൾ, സോഫകൾ, പരവതാനികൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണു സൈനികർ കൊള്ളയടിക്കുന്നത്. പലതും സൈനിക കമാൻഡർമാരുടെ ഒത്താശയോടെയാണു നടക്കുന്നതെന്നും, പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ഇസ്രയേൽ മാധ്യമമായ ‘ഹാരെറ്റ്‌സ്’ ആണ് ഇതു സംബന്ധിച്ച വിശദമായ വാർത്ത പുറത്തുവിട്ടത്. ലബനാനിൽനിന്ന് മടങ്ങുന്ന സൈനികർ മോഷ്ടിച്ച സാധനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ പരസ്യമായി കയറ്റി കൊണ്ടുപോകുകയാണ്. യാതൊരു മറയും കൂടാതെയാണ് കൊള്ളയെന്ന് ഒരു സൈനികൻ വെളിപ്പെടുത്തി. ‘ഇതൊരു ഭ്രാന്തമായ അവസ്ഥയാണ്. ടെലിവിഷനോ സിഗരറ്റോ ടൂളുകളോ എന്തുതന്നെ ആയാലും അത് കൈക്കലാക്കി സൈനികവാഹനത്തിൽ കടത്തിക്കൊണ്ടുപോകുന്നു. എല്ലാവരും ഇത് കാണുന്നുണ്ടെങ്കിലും ആരും തടയുന്നില്ല,’ അദ്ദേഹം പറഞ്ഞു.
കൊള്ളയെക്കുറിച്ച് അറിവുണ്ടായിട്ടും മുതിർന്ന ഉദ്യോഗസ്ഥർ ശിക്ഷാനടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പല കമാൻഡർമാരും ഈ പ്രവൃത്തിയെ എതിർക്കുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികളെടുക്കുന്നില്ല. ചിലയിടങ്ങളിൽ കമാൻഡർമാർ ബഹളം വെച്ച് സാധനങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും മോഷണം നടത്തിയവർക്കെതിരെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
മോഷണം തടയാൻ അതിർത്തികളിൽ ഏർപ്പെടുത്തിയിരുന്ന ചില ചെക്ക് പോസ്റ്റുകൾ നീക്കം ചെയ്തതായും റിപ്പോർട്ടിലുണ്ട്. ശിക്ഷാനടപടികൾ ഇല്ലാത്തതാണ് കൊള്ള ഇത്ര വ്യാപകമാകാൻ കാരണമെന്ന് സൈനികർ പറയുന്നു. എന്നാൽ, കൊള്ളയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം.
ലബനാനിലും ഗസ്സയിലും സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾ തകർക്കുന്നതും കൊള്ള നടത്തുന്നതും ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങളിൽ നേരത്തെയും ഇസ്രയേൽ സൈന്യം പ്രതിക്കൂട്ടിലാണ്. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ഒരു സൈനികന്റെ സ്മരണയ്ക്കായി ലബനാനിലെ ഒരു വീട് തകർക്കുന്ന വീഡിയോയും, സാധാരണക്കാരുടെ വീടുകളിൽ കയറി ഭക്ഷണം പാകം ചെയ്യുന്ന സൈനികന്റെ ദൃശ്യങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.