കൂറ് അമേരിക്കയോട്; പാകിസ്താന് മധ്യസ്ഥനാകാനുള്ള യോഗ്യതയില്ലെന്ന് ഇറാൻ
തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്താനെ മധ്യസ്ഥനായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ.പാകിസ്താൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും അമേരിക്കൻ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ കമീഷൻ വക്താവും എം.പിയുമായ ഇബ്രാഹിം റെസായി ആരോപിച്ചു.
പാകിസ്താൻ ഇറാന്റെ നല്ലൊരു അയൽരാജ്യവും സുഹൃത്തുമാണെങ്കിലും, ചർച്ചകൾക്ക് നേതൃത്വം നൽകാൻ ആവശ്യമായ വിശ്വാസ്യത അവർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു റെസായിയുടെ പ്രതികരണം. പാകിസ്താൻ എപ്പോഴും ഡൊണാൾഡ് ട്രംപിന്റെ താല്പര്യങ്ങൾക്കൊപ്പം നിൽക്കുന്നവരാണെന്നും അമേരിക്കയുടെ ആഗ്രഹങ്ങൾക്കെതിരെ സംസാരിക്കാൻ അവർ തയ്യാറല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ലെബനൻ വിഷയത്തിലും മരവിപ്പിച്ച ഇറാനിയൻ ആസ്തികളുടെ കാര്യത്തിലും അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചപ്പോൾ പോലും പാകിസ്താൻ പ്രതികരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക ആദ്യം അംഗീകരിച്ച പല നിർദ്ദേശങ്ങളിൽ നിന്നും പിന്നീട് പിന്മാറിയപ്പോൾ അത് ലോകത്തോട് വിളിച്ചുപറയാൻ പാകിസ്താൻ തയ്യാറായില്ലെന്നും, ഒരു മധ്യസ്ഥൻ എപ്പോഴും നിഷ്പക്ഷനായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താൻ സന്ദർശിച്ച് ചർച്ചകൾ സജീവമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം. ഇറാൻ ചർച്ചക്ക് തയാറാണെങ്കിൽ അവർക്ക് ബന്ധപ്പെടാമെന്നാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാട്. പാകിസ്താനിലെ സന്ദർശനം പൂർത്തിയാക്കിയ അരാഗ്ചി ഇപ്പോൾ റഷ്യയിൽ പുടിനുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുകയാണ്.