മരിച്ചുപോയ സഹോദരിയുടെ പണം പിൻവലിക്കാൻ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്‌ഥികൂടവുമായി സഹോദരൻ
ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ അവരുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ. ഒഡിഷയിലെ കെന്ദുജാർ (കോൻജാർ) ജില്ലയിലെ മല്ലിപ്പസിയിലുള്ള ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് സംഭവം നടന്നത്. ഡയാനാലി ഗ്രാമവാസിയായ ആദിവാസി യുവാവ് ജീതു മുണ്ടയാണ് തന്റെ സഹോദരി കാക്ര മുണ്ടയുടെ ഭൗതികാവശിഷ്ടങ്ങളുമായി ബാങ്കിലെത്തിയത്.
രണ്ട് മാസം മുമ്പ് മരിച്ച കാക്രയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാനാണ് ജീതു ആദ്യം ബാങ്കിനെ സമീപിച്ചത്. എന്നാൽ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്നും അല്ലെങ്കിൽ നിയമപരമായ അവകാശ രേഖകൾ ഹാജരാക്കണമെന്നും ബാങ്ക് അധികൃതർ നിർദേശിച്ചു. ഭർത്താവും മക്കളും നേരത്തെ മരിച്ചുപോയ കാക്രയുടെ ഏക അവകാശി സഹോദരനായ ജീതുവായിരുന്നു. എന്നാൽ ഇയാളുടെ കൈവശം മരണ സർട്ടിഫിക്കറ്റോ മറ്റ് പിന്തുടർച്ചാവകാശ രേഖകളോ ഉണ്ടായിരുന്നില്ല. ബാങ്ക് നടപടികളെക്കുറിച്ച് ധാരണയില്ലാതിരുന്ന ഇയാൾ, സഹോദരി നേരിട്ടെത്തണമെന്ന നിർദേശം കേട്ട് അവരെ അടക്കം ചെയ്ത സ്ഥലത്തുനിന്നും അസ്ഥികൂടം കുഴിച്ചെടുത്ത് ചാക്കിലാക്കി ബാങ്കിലെത്തുകയായിരുന്നു.
കൊടും ചൂടിൽ മൂന്ന് കിലോമീറ്ററോളം നടന്നാണ് ഇയാൾ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. ഇതുകണ്ട് സ്തംഭിച്ചുപോയ ബാങ്ക് ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ജീതുവിനെ അനുനയിപ്പിച്ച് മടക്കി അയച്ചു. സംഭവത്തിൽ മാനുഷിക പരിഗണന നൽകി ബാങ്കുമായി സംസാരിച്ച് പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ബാങ്കിന്റെ കടുത്ത നിലപാടിനെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.