‘ദീദി പേടിപ്പിച്ചാൽ വെടിവെക്കും’: മമതയ്‌ക്കെതിരെ വധഭീഷണിയെന്ന് തൃണമൂൽ; ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നു
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ, മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ അക്രമാസക്തമായ രാഷ്ട്രീയ സംസ്കാരം ബിജെപി ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്ന് തൃണമൂൽ നേതൃത്വം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ദക്ഷിണ 24 പർഗാനാസിൽ തെരഞ്ഞെടുപ്പ് ഒബ്‌സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബിജെപി വക്താവ് അലോക് അജയ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, “ദീദി ഞങ്ങളെ പേടിപ്പിക്കാൻ നോക്കിയാൽ വെടിവെച്ചു കൊല്ലും” എന്നർത്ഥം വരുന്ന വരികൾ ഉണ്ടായിരുന്നതായി ടിഎംസി ചൂണ്ടിക്കാട്ടി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുലർത്തുന്ന നിശബ്ദത സംശയാസ്പദമാണെന്നും പാർട്ടി വിമർശിച്ചു.
അതേസമയം, തൃണമൂൽ ആരോപണങ്ങൾ ബിജെപി തള്ളി. വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പരാജയഭീതി മൂലം തൃണമൂൽ ഇരവാദം പയറ്റുകയാണെന്നും ബിജെപി വക്താവ് പ്രതികരിച്ചു. നാളെയാണ് ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ്. മെയ് നാലിന് ഫലപ്രഖ്യാപനം വരാനിരിക്കെ പ്രചാരണരംഗത്തെ പുതിയ പോർമുഖം വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ ദിനത്തിൽ 700 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്ത് നിലനിർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ സേനാംഗങ്ങൾ സുരക്ഷാ ചുമതലയിലുണ്ടാകും.