28/04/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ 1,000 കോടിയുടെ സഹായം തള്ളി ഘാന; പൗരന്മാരുടെ വിവരം ചോർത്താനുള്ള നീക്കത്തിൽ ഉടക്ക്

 അമേരിക്കയുടെ 1,000 കോടിയുടെ സഹായം തള്ളി ഘാന; പൗരന്മാരുടെ വിവരം ചോർത്താനുള്ള നീക്കത്തിൽ ഉടക്ക്

അക്ര: ആരോഗ്യ മേഖലയിലെ സഹകരണത്തിനായി അമേരിക്ക മുന്നോട്ടുവെച്ച ഉഭയകക്ഷി സഹായ കരാർ പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാന നിരസിച്ചു. പൗരന്മാരുടെ തന്ത്രപ്രധാനമായ ആരോഗ്യ വിവരങ്ങൾ പങ്കുവെക്കണമെന്ന അമേരിക്കയുടെ കർശന നിബന്ധനയിൽ പ്രതിഷേധിച്ചാണ് ഘാനയുടെ നടപടി. ട്രംപ് ഭരണകൂടം വിദേശ സഹായ നയങ്ങളിൽ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ മാസങ്ങളായി നടന്നു വരികയായിരുന്നു.

വിവരങ്ങൾ ചോരുമെന്ന ഭീതിയെത്തുടർന്ന് ചർച്ചകളിൽനിന്ന് ഘാന പിന്മാറിയതായി വിഷയവുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഘാന പ്രസിഡന്റ് ജോൺ ദ്രമാനി മഹാനയുടെ നേതൃത്വത്തിലുള്ള സർക്കാർ, പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന വ്യവസ്ഥകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇതേ തർക്കം കാരണം സിംബാബ്വെയും നേരത്തെ കരാറിൽനിന്ന് പിന്മാറിയിരുന്നു. കെനിയയിലാകട്ടെ, ഒരു ഉപഭോക്തൃ സംരക്ഷണ സമിതി നൽകിയ പരാതിയെത്തുടർന്ന് കോടതി കരാർ തടഞ്ഞുവെച്ചിരിക്കുകയാണ്.

അഞ്ചു വർഷത്തേക്ക് 109 ദശലക്ഷം ഡോളറിന്റെ(ഏകദേശം 1,000 കോടി രൂപ) സഹായമാണ് അമേരിക്ക കരാറിലൂടെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇതിന് പകരമായി ഘാനയിലെ രോഗികളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും സുപ്രധാന വിവരങ്ങൾ അമേരിക്കയുമായി പങ്കുവെക്കണമെന്നതായിരുന്നു വ്യവസ്ഥ. ചർച്ചകളുടെ ആദ്യഘട്ടത്തിൽ കാര്യങ്ങൾ സുഗമമായിരുന്നുവെങ്കിലും, ഏപ്രിൽ 24-നകം കരാറിൽ ഒപ്പിടണമെന്ന് കാണിച്ച് അവസാന നിമിഷം അമേരിക്ക കടുത്ത സമ്മർദം ചെലുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപ് ഭരണകൂടം കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ‘അമേരിക്ക ഫസ്റ്റ് ഗ്ലോബൽ ഹെൽത്ത് സ്ട്രാറ്റജി’യുടെ ഭാഗമായാണ് ഇത്തരം കരാറുകൾ രൂപീകരിച്ചത്. വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സഹായം കുറയ്ക്കാനും, എച്ച്‌ഐവി/എയ്ഡ്സ്, മലേറിയ, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരായ പോരാട്ടത്തിൽ ആ രാജ്യങ്ങൾ തന്നെ കൂടുതൽ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രേരിപ്പിക്കുന്നതാണു പുതിയ നയം. ഇതിന്റെ ഭാഗമായി യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ് എയ്ഡ്) ഈ വർഷം ആദ്യം നിർത്തലാക്കിയിരുന്നു.

2024-ൽ ഘാനയ്ക്ക് അമേരിക്ക 219 ദശലക്ഷം ഡോളർ സഹായം നൽകിയിരുന്നു. ഇതിൽ 96 ദശലക്ഷം ഡോളറും ആരോഗ്യ മേഖലയ്ക്കായിരുന്നു. എന്നാൽ, പുതിയ കരാറിലെ നിബന്ധനകൾ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായും ഡാറ്റാ സുരക്ഷയ്ക്ക് ഭീഷണിയായും ഘാന കണക്കാക്കുന്നു. അതേസമയം, ഉഭയകക്ഷി ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തയ്യാറായില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ പുതിയ വഴികൾ തേടുമെന്ന് അവർ അറിയിച്ചു. വിദേശ സഹായം വെട്ടിക്കുറയ്ക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് നേരിടേണ്ടി വരുന്ന ശക്തമായ തിരിച്ചടിയായാണു സംഭവത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Also read: