28/04/2026
[fontresizer_tawhidurrahmandear_widget]

‘യുക്രെയ്‌ന്റെ ധാന്യങ്ങൾ മോഷ്ടിക്കുന്നു’; ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്തുമെന്ന് സെലെൻസ്‌കി

 ‘യുക്രെയ്‌ന്റെ ധാന്യങ്ങൾ മോഷ്ടിക്കുന്നു’; ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്തുമെന്ന് സെലെൻസ്‌കി

കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി ഉറ്റസഖ്യകക്ഷിയായ യുക്രെയ്ൻ. റഷ്യ മോഷ്ടിച്ച യുക്രെയ്‌നിയൻ ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപണവുമായി പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി രംഗത്തെത്തി. ഇസ്രയേലിനും ബന്ധപ്പെട്ട കക്ഷികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾക്ക് യുക്രെയ്ൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും ‘ട്വിറ്റർ നയതന്ത്രം’ അംഗീകരിക്കാനാകില്ലെന്നും ആഞ്ഞടിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്.

റഷ്യ പിടിച്ചടക്കിയ തങ്ങളുടെ തുറമുഖങ്ങളിൽനിന്ന് യുക്രെയ്ൻ കർഷകരുടെ ധാന്യങ്ങൾ റഷ്യൻ കപ്പലുകൾ വഴി ഇസ്രയേലിലേക്ക് അയക്കുന്നുവെന്നാണ് ആരോപണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സെലെൻസ്‌കി വ്യക്തമാക്കി. നടപടി തടഞ്ഞില്ലെങ്കിൽ ഉഭയകക്ഷി ബന്ധത്തിൽ വലിയ വിള്ളലുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രയേലിലേക്ക് എത്തുന്ന ധാന്യ കപ്പലുകൾ റഷ്യ അധിനിവേശം നടത്തിയ യുക്രെയ്‌നിയൻ പ്രദേശങ്ങളിൽനിന്ന് നിയമവിരുദ്ധമായി കടത്തിയതാണെന്നാണ് സെലെൻസ്‌കിയുടെ ആരോപണം.

യുക്രെയ്‌നിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദിയോൺ സാർ പ്രതികരിച്ചു. ധാന്യങ്ങൾ മോഷ്ടിച്ചതാണെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും അവർ കൈമാറിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘തെളിവുകൾ ഹാജരാക്കാതെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്ന യുക്രെയ്‌നിന്റെ രീതി ശരിയല്ല. നയതന്ത്ര കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് ട്വിറ്ററിലൂടെയല്ല,’ സാർ പറഞ്ഞു. ഇസ്രയേൽ ഇറക്കുമതി ചെയ്യുന്ന ധാന്യങ്ങൾ ഔദ്യോഗിക രേഖകളുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടയിൽ ആഗോള തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്ക് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെടുന്നതിനിടയിലാണ് ഈ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. ഉക്രെയ്ൻ-റഷ്യ യുദ്ധവും പശ്ചിമേഷ്യൻ സംഘർഷവും ആഗോള വിതരണ ശൃംഖലയെ ബാധിച്ചിരിക്കെ, ഇസ്രയേലിനെതിരെയുള്ള ഉക്രെയ്‌നിന്റെ നീക്കം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുകയാണ്.

Also read: