‘ഇനി മര്യാദക്കാരനായിരിക്കില്ല, എത്രയും വേഗം കരാറിൽ ഒപ്പിടുന്നതാണ് നല്ലത്’; ഇറാനോട് കടുപ്പിച്ച് ട്രംപ്
വാഷിങ്ടൺ: ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, എത്രയും വേഗം ആണവ കരാറിൽ ഒപ്പിടുന്നതാണ് ഇറാന് നല്ലതെന്ന് വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശം വെച്ചിരിക്കുന്ന ചിത്രത്തോടൊപ്പം “ഇനി മര്യാദക്കാരനായിരിക്കില്ല” എന്ന് കുറിച്ചുകൊണ്ടാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
മിസൈൽ സാങ്കേതികവിദ്യ, ഉപരോധങ്ങൾ എന്നിവ മാറ്റിവെച്ച് പശ്ചിമേഷ്യയിലെ വെടിനിർത്തലിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഇറാന്റെ നിർദേശം ട്രംപ് തള്ളിക്കളഞ്ഞു. ഇറാൻ സാമ്പത്തിക തകർച്ചയുടെ വക്കിലാണെന്നും അതുകൊണ്ടാണ് ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുകിട്ടാൻ അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ എത്രയും പെട്ടെന്ന് ബുദ്ധിപരമായ തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം കൂടുതൽ ആക്രമണോത്സുകമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി പാകിസ്താനിലും റഷ്യയിലും സന്ദർശനം നടത്തി പിന്തുണ തേടുന്നുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങൾ ഇറാന്റെ നിലപാടുകളെ തള്ളി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വത്തിൽ ചേർന്ന ജിസിസി ഉച്ചകോടി ഇറാൻ നടത്തുന്ന ഗതാഗത തടസ്സങ്ങളെ അപലപിക്കുകയും നാവിക സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇറാന് മേൽ സമ്മർദം ശക്തമാക്കി ട്രംപിന്റെ പ്രസ്താവന പുറത്തുവരുന്നത്.