ഇറാൻ്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കും, ഗള്‍ഫ് മേഖലക്ക് അമേരിക്ക ഇല്ലാത്ത ഒരു ഭാവി ഉണ്ടാകും: മുജ്തബ ഖാംനഈ
തെഹ്റാൻ: ഗൾഫ് മേഖലയിൽ നിന്ന് അമേരിക്കൻ സ്വാധീനം പൂർണ്ണമായും ഇല്ലാതാകുന്ന ഒരു ഭാവി വിദൂരമല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. ഹുർമുസ് കടലിടുക്കിൽ നിന്ന് പോർച്ചുഗീസ് സൈന്യത്തെ തുരത്തിയതിന്റെ ഓർമ്മ പുതുക്കുന്ന പേർഷ്യൻ ഗൾഫ് ദിനത്തിലാണ് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്.
മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം പരാജയപ്പെട്ടുവെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ അവർ പുറത്തുപോകണമെന്നും പറഞ്ഞ അദ്ദേഹം ഇറാന്റെ ആണവ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമായിത്തന്നെ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കി. സ്വന്തം താവളങ്ങൾക്ക് പോലും സുരക്ഷ നൽകാൻ കഴിയാത്ത അമേരിക്കൻ സൈന്യം മറ്റ് രാജ്യങ്ങൾക്ക് കാവലൊരുക്കുമെന്ന് പറയുന്നത് അർത്ഥശൂന്യമാണെന്ന് ഖാംനഈ പരിഹസിച്ചു.
ഇറാനുമായുള്ള യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഹുർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് തെഹ്റാനിൽ നിന്നുള്ള ഈ നീക്കം. ഉപരോധം മൂലം ഇറാന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധി നേരിടുകയും റിയാലിന്റെ മൂല്യം ഡോളറിന് 18 ലക്ഷം എന്ന നിലയിലേക്ക് താഴുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതിരോധ സന്നാഹങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്.
പേർഷ്യൻ ഗൾഫിന്റെ അടിത്തട്ടിലാണ് അമേരിക്കയുടെ സ്ഥാനമെന്ന് രൂക്ഷമായി വിമർശിച്ച അദ്ദേഹം ഹുർമുസ് കടലിടുക്കിൽ പുതിയൊരു പോരാട്ട ചരിത്രം ആരംഭിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാൻ തുറമുഖങ്ങളെ ലക്ഷ്യം വെച്ചുള്ള അമേരിക്കൻ ഉപരോധവും കപ്പലുകൾ തടയുന്ന നടപടികളും തുടരുന്നതിനിടയിൽ മേഖലയിലെ ഭാവിയെക്കുറിച്ചുള്ള ഇറാന്റെ ഈ പ്രഖ്യാപനം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.