ബംഗാളിൽ പ്രവചനം പാളുമെന്ന് ഉറപ്പിച്ചോ? എക്സിറ്റ് പോൾ ഫലം പുറത്തുവിടുന്നില്ലെന്ന് ആക്സിസ് മൈ ഇന്ത്യ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ പ്രമുഖ സർവ്വേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവരാറുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ഇത്തവണ ബംഗാളിന്റെ കാര്യത്തിൽ പുറത്തുവിടില്ലെന്ന് ഏജൻസി വ്യക്തമാക്കി. വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്ന് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞു.
രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധനേടിയ ഏജൻസിയാണ് ആക്‌സിസ് മൈ ഇന്ത്യ. എന്നാൽ, ബംഗാളിലെ വോട്ടർമാരുടെ മനോഭാവം തങ്ങളെ കുഴപ്പിച്ചുവെന്നാണ് ഏജൻസിയുടെ വിശദീകരണം. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽനിന്ന് പുറത്തിറങ്ങിയ വോട്ടർമാരോട് വിവരങ്ങൾ ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും കൃത്യമായ മറുപടി നൽകാൻ വിമുഖത കാട്ടി. ജനങ്ങൾ മനസ് തുറക്കാത്ത സാഹചര്യത്തിൽ നൽകുന്ന പ്രവചനങ്ങൾ പാളിപ്പോകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഏജൻസി.
സർവേ സംഘത്തോട് സംസാരിക്കുമ്പോൾ വോട്ടർമാർ പുലർത്തുന്ന കടുത്ത രഹസ്യസ്വഭാവമാണ് ഏജൻസിയെ കുഴപ്പിക്കുന്നത്. ലഭിച്ച കുറഞ്ഞ വിവരങ്ങൾ വെച്ച് ഫലപ്രഖ്യാപനം നടത്തുന്നത് ശാസ്ത്രീയമായി ശരിയാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. തെറ്റായ പ്രവചനങ്ങൾ നടത്തി ഏജൻസിയുടെ വിശ്വാസ്യത തകരുന്നത് ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയായും ആക്‌സിസ് മൈ ഇന്ത്യയുടെ നീക്കത്തെ വിലയിരുത്തുന്നവരുണ്ട്.
മറ്റ് പല ഏജൻസികളും ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുമ്പോഴും ആക്‌സിസ് മൈ ഇന്ത്യയുടെ പിന്മാറ്റം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ജനങ്ങളുടെ മൗനം ഭരണവിരുദ്ധ വികാരമാണോ അതോ ഭരണത്തുടർച്ചയ്ക്കുള്ള നിശബ്ദമായ പിന്തുണയാണോ എന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളും ആശയക്കുഴപ്പത്തിലാണ്.
ജനങ്ങൾ സംസാരിക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഫലം പ്രവചിക്കുക എന്നാണ് പ്രദീപ് ഗുപ്ത ചോദിക്കുന്നത്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം അങ്ങേയറ്റം സങ്കീർണമാണ്. ഡാറ്റയിൽ വ്യക്തതയില്ലാത്തതിനാലാണ് ഇത്തവണ തങ്ങൾ മാറിനിൽക്കുന്നതെന്നും അദ്ദേഹം എൻഡിടിവിയോട് വ്യക്തമാക്കി.
മെയ് 4-ന് വോട്ടെണ്ണൽ നടക്കുമ്പോൾ മാത്രമേ ബംഗാളിന്റെ ഈ ‘മൗനത്തിന്റെ’ യഥാർത്ഥ അർത്ഥം വ്യക്തമാകൂ. പ്രവചനങ്ങൾ പാളുമെന്ന ഭയത്താൽ ആക്‌സിസ് മൈ ഇന്ത്യ പിൻവാങ്ങിയത് വോട്ടെണ്ണൽ ദിനത്തിലെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.