01/05/2026
[fontresizer_tawhidurrahmandear_widget]

‘കുട്ടികളെ കൊല്ലുന്നവൻ’; അമേരിക്ക ട്രംപിന്റെ കെണിയിൽ നിന്ന് പുറത്തുകടക്കണം, മുന്നറിയിപ്പുമായി ഇറാൻ

 ‘കുട്ടികളെ കൊല്ലുന്നവൻ’; അമേരിക്ക ട്രംപിന്റെ കെണിയിൽ നിന്ന് പുറത്തുകടക്കണം, മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുക്കിയിരിക്കുന്ന അപകടകരമായ കെണിയിൽ നിന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ എത്രയും വേഗം പിന്മാറണമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം രാജ്യം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി സെയ്യിദ് മെഹ്‌ദി തബതബായി വ്യക്തമാക്കി. വെളളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ ട്രംപിനെ ‘ശിശുഹന്തകൻ’ എന്ന് വിശേഷിപ്പിച്ചാണ് ഇറാൻ തങ്ങളുടെ ശക്തമായ നിലപാട് അറിയിച്ചത്.

ബലപ്രയോഗത്തിലൂടെ ഇറാനെ വരുതിയിലാക്കാം എന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്നും അത്തരം നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും തബതബായി പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ യുദ്ധക്കൊതി അമേരിക്കയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. തെക്കൻ നഗരമായ മിനാബിലെ സ്കൂളിന് നേരെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിൽ 165 പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ ഇറാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഈ സംഭവം രാജ്യത്ത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.

ഇറാനിൽ നടത്തിയ സൈനിക അതിക്രമങ്ങൾക്ക് അമേരിക്ക കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും മിഡിൽ ഈസ്റ്റിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് മടങ്ങണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. അന്തരിച്ച അലി ഖമേനിക്ക് പിന്നാലെ അധികാരമേറ്റ പുതിയ പരമാധികാര നേതാവ് മൊജ്‌തബ ഖമേനി, രാജ്യത്തിന്റെ മിസൈൽ ശേഷിയും ആണവ പദ്ധതികളും സംരക്ഷിക്കുമെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ ഹുർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചിരിക്കുന്നത് ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉപരോധം നീക്കാൻ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുമ്പോൾ, അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള തങ്ങളുടെ സൈനിക പട്ടിക പുതുക്കി ഇറാനും പ്രതിരോധം തീർക്കുകയാണ്.

Also read: