‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണോ പാണക്കാടാണോ തീരുമാനിക്കുന്നതെന്ന തർക്കമാണ് ഇപ്പോഴുള്ളത്’വെള്ളാപ്പള്ളി
ആലപ്പുഴ: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകളെ വിമർശിച്ച് വെള്ളാപ്പള്ളി. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണോ പാണക്കാടാണോ തീരുമാനിക്കുന്നതെന്ന തർക്കമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. വോട്ടെണ്ണൽ കഴിഞ്ഞതിന് ശേഷം ആര് മുഖ്യമന്ത്രിയാകണമെന്ന് അവർ തീരുമാനിക്കട്ടെ എന്ന് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കി. താൻ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് പറയുന്നതെന്നും അതിൽ ആർക്കെങ്കിലും പരിഭവം തോന്നിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം പൂർണമായും വിശ്വസിക്കാൻ കഴിയില്ലെന്നും എക്‌സിറ്റ് പോളുകൾ എക്കാലത്തും ശരിയാകണമെന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയൊരു സ്വാധീന ശക്തിയാണെങ്കിലും പലരും ആ യാഥാർത്ഥ്യം കാണാതെ പോവുകയാണ്. ബി.ജെ.പി അവകാശപ്പെടുന്നതുപോലെ പതിനാല് സീറ്റുകളൊന്നും അവർക്ക് ലഭിക്കില്ലെങ്കിലും ഇത്തവണ കേരളത്തിൽ അവർ തീർച്ചയായും അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി പ്രവചിക്കുന്നു. ബി.ജെ.പി വോട്ടുകൾ പിടിക്കുന്നതോടെ സംസ്ഥാനത്ത് ആര് വിജയിച്ചാലും ഭൂരിപക്ഷം വളരെ നേരിയതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കണക്കുകൂട്ടലും ചിന്തയും ഒപ്പം ആഗ്രഹവും എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരണം എന്നതാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വലിയ തോതിലുള്ള സഹായങ്ങൾ ചെയ്തിട്ടുണ്ട്. അറുപത് ലക്ഷത്തോളം വരുന്ന സാധാരണക്കാർക്ക് നാലായിരം രൂപ വീതം സർക്കാർ നൽകിയതിന്റെ പ്രതിഫലനം വോട്ടിങ്ങിൽ ഉറപ്പായും ഉണ്ടാകും. വിജയിക്കുമെന്ന മുഖ്യമന്ത്രിയുടെയും മറ്റ് എൽ.ഡി.എഫ് നേതാക്കളുടെയും ആത്മവിശ്വാസം വെറുതെയല്ലെന്നും, കാര്യങ്ങൾ ആഴത്തിൽ പഠിച്ച ശേഷമായിരിക്കും അവർ അത് പറയുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇടതുപക്ഷം ചെറിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേർത്തു.