‘തോൽവിക്ക് ഉത്തരവാദി ഗോവിന്ദൻ, ഞാനൊരു വലിയ ഞാനാണെന്ന ധാരണ തിരുത്തുക’; സമൂഹമാധ്യമങ്ങളിൽ ഗോവിന്ദനെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാർട്ടി അനുഭാവികളുടെ ഭാഗത്തുനിന്ന് രൂക്ഷവിമർശനം ഉയരുന്നു. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ ആവശ്യപ്പെടുന്നത്. എം.വി ഗോവിന്ദന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലടക്കം വൻ പ്രതിഷേധമാണ് അണികൾ രേഖപ്പെടുത്തുന്നത്.
‘ഞാൻ ഒരു വലിയ ഞാനാണെന്ന’ ധാരണ ഗോവിന്ദൻ മാസ്റ്റർ തിരുത്തണമെന്നും പിണറായി വിജയനും ഗോവിന്ദനും പാർട്ടിക്ക് വരുത്തിവെച്ച ആഘാതങ്ങൾ ഏറ്റുപറഞ്ഞ് പദവികൾ ഒഴിയണമെന്നും കമന്റുകൾ ചൂണ്ടിക്കാട്ടുന്നു. മുൻ തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും നേതാക്കളുടെ പുച്ഛം നിറഞ്ഞ മനോഭാവം വോട്ടർമാരെ അകറ്റിയെന്നും വിമർശനമുണ്ട്. എം. സ്വരാജിനെപ്പോലെയുള്ള യുവനേതാക്കളെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും പി. ജയരാജനെപ്പോലുള്ളവരെ നേതൃനിരയിലേക്ക് തിരികെ കൊണ്ടുവരണമെന്നുമാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.
ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ച തെരഞ്ഞെടുപ്പിൽ, 2021-ന് ശേഷം എൽഡിഎഫ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾ ജനങ്ങൾ പൂർണമായും തള്ളിയതായാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. പാർട്ടിക്കുണ്ടായ വലിയ വീഴ്ചകൾ തിരുത്തി ചെറുപ്പക്കാരായ നേതൃത്വത്തിന് വഴിമാറിക്കൊടുക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകണമെന്ന വികാരമാണ് അനുഭാവികൾക്കിടയിൽ ഇപ്പോൾ ശക്തമായിരിക്കുന്നത്.