സിപിഎമ്മിന്റെ ‘പ്രതിരോധം’ പാഴ്‍വാക്ക്, ബിജെപി നേട്ടമുണ്ടാക്കിയത് ഇടതിന്റെ ചെലവിൽ; പ്രതിരോധിച്ചത് യുഡിഎഫ്
കോഴിക്കോട്: ചരിത്രത്തിലാദ്യമായി കേരളത്തിൽ മൂന്ന് അസംബ്ലി സീറ്റുകൾ ബിജെപി നേടിയപ്പോൾ പൊളിഞ്ഞുവീഴുന്നത് സംഘ് പരിവാറിനെ പ്രതിരോധിക്കുന്നത് തങ്ങളാണെന്ന ഇടതുപക്ഷത്തിന്റെ കാലങ്ങളായുള്ള അവകാശവാദം. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് എംഎൽഎമാരെ പരാജയപ്പെടുത്തിയാണ് നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ ബിജെപി ജയിച്ചത്. അതേസമയം, ബിജെപി കടുത്ത മത്സരമുയർത്തി രണ്ടാം സ്ഥാനത്തെത്തിയ ആറ് മണ്ഡലങ്ങളിൽ നാലിടത്തും കാവിപ്പാർട്ടിയെ തോൽപ്പിച്ച് മുന്നേറിയത് യുഡിഎഫ് പാർട്ടികളും.
ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും 2021-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വോട്ടുകളിൽ വലിയ ചോർച്ചയാണ് സംഭവിച്ചത്. ചാത്തന്നൂരിൽ 2021-ൽ സിപിഐക്ക് കഴിഞ്ഞ തവണ ലഭിച്ച 59,296 വോട്ടുകൾ ഇത്തവണ 47,525 ആയി ചുരുങ്ങി; 11,771 വോട്ടുകളാണ് ഇടതുപക്ഷത്തിന് ഇവിടെ നഷ്ടമായത്. 51,923 വോട്ടുകൾ നേടിയാണ് ബി.ബി ഗോപകുമാറിലൂടെ ബിജെപി ഇവിടെ വിജയം ഉറപ്പിച്ചത്.
സിപിഎം വോട്ടുകളിൽ ചോർച്ചയുണ്ടായപ്പോൾ ചാത്തന്നൂരിലും കഴക്കൂട്ടത്തും കോൺഗ്രസ് നില മെച്ചപ്പെടുത്തിയത് ശ്രദ്ധേയമായി. ചാത്തന്നൂരിൽ കഴിഞ്ഞ തവണത്തെ 34,280 ഇത്തവണ 35,276 ആക്കി ഉയർത്തി. കഴക്കൂട്ടത്ത് 2021-ലെ 32,995 വോട്ടുകൾ 37,183 ആയി വർധിപ്പിച്ചു. നേമത്ത് മാത്രമാണ് കോൺഗ്രസ് വോട്ടുകളിൽ കുറവ് രേഖപ്പെടുത്തിയത്.
കഴക്കൂട്ടത്ത് ഇടത് വോട്ടുകളിലെ ചോർച്ച ഇതിലും വലുതായിരുന്നു. 2021-ൽ 63,690 വോട്ടുകൾ നേടി സിപിഐഎം വിജയിച്ച ഇവിടെ ഇത്തവണ അവർക്ക് ലഭിച്ചത് 46,136 വോട്ടുകൾ മാത്രമാണ്. 17,554 വോട്ടുകളുടെ വലിയ ഇടിവ്. 46,564 വോട്ടുകൾ നേടി ബിജെപിയുടെ വി മുരളീധരൻ ജയിച്ചു. നേമത്ത് കഴിഞ്ഞ തവണ 55,837 വോട്ടുകൾ നേടിയ സിറ്റിംഗ് എംഎൽഎ വി ശിവൻകുട്ടിക്ക് ഇത്തവണ 3,623 വോട്ടുകൾ കുറഞ്ഞ്, ലഭിച്ചത് 52,214 വോട്ടുകൾ മാത്രം.
ഇടതുപക്ഷത്തിന്റെ വോട്ട് ചോർച്ച് മൂന്നിടത്ത് ബിജെപിക്ക് വിജയം സമ്മാനിച്ചപ്പോൾ യുഡിഎഫ് മുന്നണിയിലെ പാർട്ടികൾ ബിജെപി ജയം പ്രതീക്ഷിച്ച നാലിടങ്ങളിലാണ് അവരെ ശക്തമായി പ്രതിരോധിച്ചത്. വിജയം പ്രതീക്ഷിച്ച് കെ സുരേന്ദ്രൻ അരയും തലയും മുറുക്കി ഇറങ്ങിയ മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് എംഎൽഎ എകെഎം അഷ്റഫ് ജയിച്ചത് 24,405 വോട്ടിനാണ്. ബിജെപി പ്രതീക്ഷ വെച്ചിരുന്ന കാസർകോട് ലീഗിന്റെ തന്നെ കല്ലട്ര മാഹിൻ ഹാജി 22,844 എംഎൽ അശ്വിനിയെ തോൽപ്പിച്ചു.
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായിരുന്ന പാലക്കാട്ട് ശോഭ സുരേന്ദ്രനെതിരെ കോൺഗ്രസ്സിന്റെ രമേഷ് പിഷാരടി 13,187 വോട്ടിനാണ് ജയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ നേടിയതിനേക്കാൾ 2,990 വോട്ടുകൾ പിഷാരടി അധികം നേടി. ഇടതുപക്ഷത്തിന് 3,761 വോട്ട് കുറയുകയും ചെയ്തു.
തിരുവല്ലയിൽ അനൂപ് ആന്റണിക്കെതിരെ യുഡിഎഫിലെ അഡ്വ. വർഗീസ് മാമനും മികച്ച വിജയമാണ് നേടിയത്. ബിജെപി നേട്ടമുണ്ടാക്കിയ തിരുവല്ലയിൽ യുഡിഎഫിന്റെ അഡ്വ. വർഗീസ് മാമൻ 9,639 വോട്ടിന്റെ മികച്ച ജയമാണ് സ്വന്തമാക്കിയത്. സിറ്റിംഗ് എംഎൽഎ മാത്യു ടി തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നു മാത്രമല്ല, കഴിഞ്ഞ തവണത്തേതിനേക്കാൾ 20,961 വോട്ടുകൾ ഇടതുപക്ഷത്തിന് നഷ്ടമാവുകയും ചെയ്തു. 2021-ലെ 22,674 ൽ നിന്ന് 19,628 വർധിപ്പിച്ചാണ് ബിജെപിയുടെ അനൂപ് ആന്റണി 42,302 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയത്.
സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മലമ്പുഴ എ പ്രഭാകരൻ 19,721 ഭൂരിപക്ഷത്തിൽ നിലനിർത്തിയെങ്കിലും 2021-നേക്കാൾ 7,305 വോട്ടുകൾ കുറഞ്ഞു. ബിജെപിയുടെ സി കൃഷ്ണകുമാർ 48,908 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മൂന്നാമതുള്ള യുഡിഎഫ് തവണത്തേതിനേക്കാൾ 6,818 വോട്ടുകൾ വർധിപ്പിച്ചു.
ബിജെപി രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങലിൽ സിപിഎമ്മിന്റെ ഒ.എസ് അംബിക 13,375 വോട്ടിന്റെ ജയം സ്വന്തമാക്കിയെങ്കിലും ഇടതുപക്ഷത്തിന് 2021-ലേതിനേക്കാൾ 10,735 വോട്ടുകൾ നഷ്ടമായി. മൂന്നാം സ്ഥാനത്തുള്ള ആർഎസ്പി നേതാവ് സന്തോഷ് ഭദ്രൻ കഴിഞ്ഞ തവണത്തേതിനേക്കാൾ 9,816 വോട്ടുകൾ വർധിപ്പിച്ചു. 2021-ലെ 38,262 ൽ നിന്ന് 7,526 വോട്ടുകൾ വർധിപ്പിച്ചാണ് ബിജെപിയുടെ അഡ്വ. പി സുധീർ 45,788 വോട്ടോടെ രണ്ടാമതെത്തിയത്.
ചുരുക്കത്തിൽ, ഇടത് കോട്ടകളിലെ വോട്ട് ചോർച്ച മുതലെടുത്ത് ബിജെപി അവരുടെ വിജയങ്ങൾ ഉറപ്പിച്ചപ്പോൾ, എൻഡിഎ ശക്തമായ വെല്ലുവിളി ഉയർത്തിയ മിക്ക മണ്ഡലങ്ങളിലും അവരെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് യുഡിഎഫ് ആയിരുന്നു എന്ന് തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.