വോട്ട്ഷെയർ കുറഞ്ഞു, 11 ഇടത്ത് നോട്ടയ്ക്കും പിന്നിൽ; എസ്ഡിപിഐക്ക് വൻ തിരിച്ചടി
കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ സ്വന്തം ശവക്കുഴി തോണ്ടുന്നതായിരുന്നു ഇടതുപക്ഷത്തെ ഏകപക്ഷീയമായി പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്ത്. 34 ഔദ്യോഗിക സ്ഥാനാർത്ഥികൾളും വള്ളിക്കുന്ന്, കുണ്ടറ മണ്ഡലങ്ങളിലെ സ്വതന്ത്രരുമടക്കം 36 പേരാണ് എസ്ഡിപിഐക്കു വേണ്ടി ഇത്തവണ മത്സരിച്ചത്. എന്നാൽ, വോട്ട് വിഹിതത്തിൽ നോട്ടയ്ക്കും ബഹുദൂരം പിറകിലാണ് പാർട്ടിയുടെ സ്ഥാനം.
സംസ്ഥാനത്തൊട്ടാകെ 1,23,067 വോട്ടുകളാണ് നോട്ട സ്വന്തമാക്കിയത്. മൊത്തം പോൾ ചെയ്തതിന്റെ 0.57% വരുമിത്. എന്നാൽ, എസ്ഡിപിഐയുടെ 36 സ്ഥാനാർത്ഥികൾക്കും കൂടി നേടാനായത് വെറും 58,172 വോട്ടുകൾ മാത്രമാണ്. മാത്രമല്ല, ഇരിക്കൂർ, കൽപ്പറ്റ, മണ്ണാർക്കാട്, നെന്മാറ, ചേലക്കര, കൈപ്പമംഗലം, പറവൂർ, കൊച്ചി, തൃക്കാക്കര, മൂവാറ്റുപുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾ നോട്ടയ്ക്കും പിറകിലായി. നോട്ടയ്ക്ക് ലഭിച്ച മൊത്തം വോട്ടിന്റെ പകുതി പോലും തികയ്ക്കാൻ കഴിയാത്തത് കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ പാർട്ടി നേരിടുന്ന വൻ തിരിച്ചടിയായി.
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ മത്സരിച്ച എസ്ഡിപിഐ 75,566 വോട്ടുകൾ നേടിയിരുന്നു. ആകെ പോൾ ചെയ്തതിന്റെ 0.36 ശതമാനമായിരുന്നു ഇത്. ആറ് സീറ്റുകളിൽ കുറവ് മത്സരിച്ച ഇത്തവണ 21,814 വോട്ടിന്റെ കുറവുണ്ടായി എന്നു മാത്രമല്ല, വോട്ട് വിഹിതം വെറും 0.27 ശതമാനത്തിൽ ഒതുങ്ങുകയും ചെയ്തു.
പോൾ ചെയ്ത വോട്ടുകളിൽ വോട്ടർമാർ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുന്ന നോട്ട എന്ന ഓപ്ഷൻ ഇത്തവണ വലിയ രീതിയിലാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തിയത് മഞ്ചേരി മണ്ഡലത്തിലാണ്, ഇവിടെ 3,319 പേർ ഒരു സ്ഥാനാർത്ഥിയോടും താല്പര്യമില്ലെന്ന് വോട്ടിംഗ് യന്ത്രത്തിലൂടെ രേഖപ്പെടുത്തി. ഏറ്റവും കുറവ് നോട്ട വോട്ടുകൾ രേഖപ്പെടുത്തിയത് 272 വോട്ടുകൾ മാത്രം ലഭിച്ച നാദാപുരത്തും. സംസ്ഥാനത്താകെ 2,229 പോസ്റ്റൽ വോട്ടുകളും നോട്ടയ്ക്ക് ലഭിച്ചു.
എസ്ഡിപിഐയെ മാത്രമല്ല, മറ്റ് ചില പ്രമുഖ പാർട്ടികളെയും ഇത്തവണ നോട്ട പിറകിലാക്കി. 53 സീറ്റുകളിൽ ജനവിധി തേടിയ ആം ആദ്മി പാർട്ടിക്ക് 45 മണ്ഡലങ്ങളിലും നോട്ടയ്ക്ക് മുകളിൽ വോട്ട് നേടാൻ സാധിച്ചില്ല. 55 സീറ്റുകളിൽ മത്സരിച്ച ബഹുജൻ സമാജ് പാർട്ടിക്കും 43 മണ്ഡലങ്ങളിൽ നോട്ടയ്ക്ക് പിറകിൽ പോകാനായിരുന്നു വിധി.
ഏകപക്ഷീയമായി ഇടതുപക്ഷത്തെ പിന്തുണക്കാനുള്ള എസ്ഡിപിഐയുടെ തീരുമാനം എല്ലാ അർത്ഥത്തിലും പാളിപ്പോയി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾ കൂട്ടത്തോടെ തോറ്റു എന്ന് മാത്രമല്ല, സ്വന്തം വോട്ടുകളും വോട്ടുവിഹിതവും കുറയാനും ഇത് കാരണമായി.