03/06/2026
[fontresizer_tawhidurrahmandear_widget]

‘പൊതുഗതാഗത സംവിധാനം തകരും’; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

 ‘പൊതുഗതാഗത സംവിധാനം തകരും’; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധത്തിലേക്ക്. സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തെ പൂർണമായ തകർച്ചയിലേക്ക് നയിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ നിലപാട്. ഡീസൽ വില വർധനവും മറ്റ് അറ്റകുറ്റപ്പണി ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല ഇതിനകം തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ ഘട്ടത്തിൽ കെഎസ്ആർടിസിയിൽ മാത്രം സൗജന്യയാത്ര അനുവദിക്കുന്നത് യാത്രക്കാരെ സ്വകാര്യ ബസുകളിൽ നിന്ന് അകറ്റും. ഇത് പല റൂട്ടുകളിലെയും സർവീസുകൾ ലാഭകരമല്ലാത്ത അവസ്ഥയിലെത്തിക്കുമെന്നും സർവീസുകൾ നിർത്തലാക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

മേഖലയിലെ പ്രധാന പങ്കാളികളായ സ്വകാര്യ ബസ് ഉടമകളുമായി യാതൊരുവിധ ചർച്ചകളും നടത്താതെയാണ് യുഡിഎഫ് സർക്കാർ ഇത്തരമൊരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചതെന്ന് സംഘടന കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബസ് ഉടമകളുടെ തീരുമാനം.

Also read: